സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും റോഡപകടങ്ങളും വന്‍തോതില്‍ കുറഞ്ഞതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ സംഗമം ‘ജീവിതമാണ് ലഹരി, കളിയാണ് ലഹരി ‘ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഓപ്പറേഷന്‍ തൂഫാനിലൂടെ സമൂഹത്തില്‍ ഒമ്പത് ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി വ്യക്തമായി. അതോടൊപ്പം പത്ത് ശതമാനത്തോളം റോഡപകടങ്ങളും കുറഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല. ലഹരി മാഫിയ വലിയ തോതില്‍ നാടിനെയാകെ കീഴ്പ്പെടുത്തുന്ന കാലത്തില്‍ നിന്നും നാട് ഏറെ മാറുകയാണ്. മുമ്പ് ലഹരി മാഫിയകളെ ഭയന്ന് ജനങ്ങള്‍ ഓടിമറയുന്നതായുന്നു രീതി. എന്നാല്‍ ഇന്ന് ജനങ്ങളെ ഭയന്ന് ലഹരി മാഫിയ ഓടി ഒളിക്കുകയാണ്. ജനങ്ങള്‍ ഒന്നാകെ ലഹരിക്കെതിരെ പോരാടാന്‍ തുടങ്ങിയിരിക്കുന്നു. ലഹരി മാഫിയയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനായുള്ള പരിശ്രമമാണിത്. ലഹരിക്കെതിരെ ജനങ്ങള്‍ തോളോട് തോളു ചേര്‍ന്ന് അണിനിരക്കണം. കേരളത്തിന്റെ യുവത്വത്തെ രക്ഷിക്കാന്‍ എല്ലാവരും കൂട്ടമായി മുന്നിട്ടിറങ്ങണം. ജാതി മത വേര്‍തിരിവുകളില്ലാതെ, രാഷ്ട്രീയ കക്ഷിഭേദമന്യേ ഈ വിപത്തിനെതിരേ അണിനിരക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനായാല്‍ സംസ്ഥാനത്ത് സമാധാനം പുലരും. കേരളത്തിന്റെ മണ്ണില്‍ നിന്നും ലഹരി മാഫിയകളെ വേരോടെ പിഴുതെറിയുന്നത് വരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരും. എല്ലാ പഞ്ചായത്തുകളും വാര്‍ഡുകളും ഈ ഉദ്യമം ഏറ്റെടുക്കണം. ഇവിടങ്ങളിലേക്കും ഈ ക്യാംപെയിന്‍ താമസിയാതെ വ്യാപിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഈ ഉദ്യമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തികളില്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയെയും പങ്കെടുപ്പിച്ച് ഓപ്പറേഷന്‍ തുഫാന്‍ മഹാസംഗമം എറണാകുളത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കെ.സുധാകരന്‍ എം.പിയെ തുഫാന്‍ വാരിയറായി ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ മാലിന്യപ്രശ്ന പരിഹാര ആപ്ലിക്കേഷന്‍ ‘നെല്ലിക്ക’യുടെ ലോഞ്ചിംഗ് കെ. സുധാകരന്‍ എം.പി നിര്‍വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ സമുഹത്തിന്റെ വിപത്തായ ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പോരാട്ടമാണെന്നും ഇതിനുള്ള എല്ലാവിധ പിന്തുണയും നല്‍കുന്നതായും എം.പി പറഞ്ഞു.
എം.എല്‍.എമാരായ ടി.ഒ.മോഹനന്‍, കെ.വി.സുമേഷ്, ഓപ്പറേഷന്‍ തൂഫാന്‍ കോര്‍ഡിനേറ്റര്‍ ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ബി. വി. വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, ഡെപ്യൂട്ടി മേയര്‍ കെ. പി. താഹിര്‍, കോര്‍പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ സിറ്റി പോലിസിന്റെ വാക്കത്തോണ്‍; ശ്രദ്ധേയമായി നഗരവിളംബരം
നാടിന്റെ ആകെ വിപത്തായ ലഹരിയില്‍ നിന്നും യുവതലമുറയെയും സമൂഹത്തെയും മോചിപ്പിക്കാനുള്ള ഉദ്യമമായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ബോധവത്കരണ പരിപാടികളും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരി വേണ്ട… ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച വാക്കത്തോണില്‍ മന്ത്രിയുള്‍പ്പെടെ അണിനിരന്നു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സേവകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നാടൊന്നാകെ ലഹരിക്കെതിരെ വാക്കത്തോണില്‍ അണിനിരന്നു. കണ്ണൂര്‍ ഡി.എസ്.സിയുടെ ബാന്റ് മേളവും വാക്കത്തോണിനെ പിന്തുടര്‍ന്നു.
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ വാക്കത്തോണ്‍ പോലീസ് പരേഡ് മൈതാനത്ത് അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണിതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത ഓപ്പറേഷന്‍ തൂഫാന് സമൂഹത്തിന്റെ എല്ലാവിധ കോണുകളില്‍ നിന്നും കക്ഷി രാഷ്ട്രീയഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമം സര്‍ക്കാര്‍തലത്തില്‍ ഏറ്റെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതിനകം സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പരേഡ് ഗ്രൗണ്ടില്‍ ഓപ്പറേഷന്‍ തൂഫാന്‍ ഫ്ളാഗ് ഉയര്‍ത്തിയ മന്ത്രി, പരേഡിനെ അഭിവാദ്യം ചെയ്തു. ലഹരിക്കെതിരെയുള്ള സിഗ്‌നേച്ചര്‍ ക്യാംപെയിനും മന്ത്രി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി വര്‍ണ്ണബലൂണുകളും മന്ത്രി പറത്തി. സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളീയ ജനത ആഗ്രഹിച്ച ഒരു മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് അഡ്വ. ടി.ഒ.മോഹനന്‍ എം.എല്‍.എ പറഞ്ഞു. ഈ ദൗത്യം നാടൊന്നാകെ ഏറ്റെടുത്തു കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറ്റവും അനിവാര്യമായ ഒരു ക്യാംപെയിനാണ് ഓപ്പറേഷന്‍ തൂഫാനിലൂടെ മുന്നേറുന്നതെന്ന് കെ.വി.സുമേഷ് എംഎല്‍എ പറഞ്ഞു. കഥാകൃത്ത് ടി. പത്മനാഭനെ തൂഫാന്‍ വാരിയറായി അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു.
കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി.ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, തുഫാന്‍ കോര്‍ഡിനേറ്റര്‍ ഉത്തരമേഖല ഐ.ജി. പുട്ടവിമലാദിത്യ, ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി.വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ഷൈനി, തലശ്ശേരി എ.എസ്.പി.നന്ദഗോപന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

