തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ അയവുവരുത്താൻ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്റെ വാക്കാൽ അനുമതി. ശനിയാഴ്ച നടക്കുന്ന തെളിവെടുപ്പിന് ശേഷം ഔദ്യോഗിക അനുമതി ലഭിക്കും. എൻ.ടി.പി.സി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്ന് യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്.
ഒരു വർഷത്തേക്ക് ദിവസം മുഴുവൻ 200 മെഗാവാട്ട് വൈദ്യുതിക്കാണ് കരാർ. ഏകദേശം 140 കോടി യൂണിറ്റ് വൈദ്യുതിക്കായി 840 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ഉടൻ വാങ്ങിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകളുണ്ടാകും. അഞ്ചുവർഷത്തേക്ക് 300 മെഗാവാട്ട് വാങ്ങുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ഭേദഗതിക്കും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി ഉടൻ ടെൻഡർ വിളിക്കും.
ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല
കൂടുതൽ വൈദ്യുതി വാങ്ങുന്നതിനാൽ ലോകകപ്പ് ഫൈനൽ നടക്കുന്ന ഞായറാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി സി.എം.ഡി ഡോ. എം.ജി. രാജമാണിക്യം അറിയിച്ചു. മഴ കുറഞ്ഞതിനാൽ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ചെലവിടുന്ന തുക പിന്നീട് ഉപഭോക്താക്കൾ തന്നെ നൽകേണ്ടി വരും എന്നതിനാലാണ് ചെറിയ തോതിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയിൽ കപിൽ സിബിൽ
യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിക്കുമായിരുന്ന കുറഞ്ഞ വിലയിലുള്ള വൈദ്യുതി കരാറുകൾ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതിയിലെ കേസിൽ കെ.എസ്.ഇ.ബിക്കുവേണ്ടി പ്രഗല്‌ഭ അഭിഭാഷകൻ കപിൽ സിബിൽ ഹാജരാകുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പിന്നീട് സർക്കാരിന്റെ ആവശ്യപ്രകാരം പുനഃസ്ഥാപിച്ചെങ്കിലും കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് കെ.എസ്.ഇ.ബി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

