ടൂറിസം കുതിപ്പിനും കാർഷിക മേഖലയ്ക്കും ഊന്നൽ; 3.41 കോടി രൂപ നീക്കിയിരുപ്പുള്ള ആന്തൂർ നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: നഗരസഭയിലെ മുഴുവൻ ജനവിഭാഗത്തിന്റെയും ക്ഷേമത്തിൽ ഊന്നിക്കൊണ്ട് ആന്തൂർ നഗരസഭയുടെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 51,23,71,566 രൂപ വരവും 30,48,37,000 രൂപ ചെലവും 3,41,70,566 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് സഭയ്ക്ക് മുന്നിലെത്തിയത്.

ആന്തൂരിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള വിപുലമായ ടൂറിസം സർക്യൂട്ട് പദ്ധതികളാണ് ബഡ്ജറ്റിലെ പ്രധാന ആകർഷണം. ധർമ്മശാലയിൽ നിന്നാരംഭിച്ച് സ്‌നേക്ക് പാർക്ക്, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് അമ്പലം, എ.കെ.ജി ഐലൻഡ്, നീലിയാർ കോട്ടം, കടമ്പേരി, മേൽത്തളി, കീഴ്തളി അമ്പലങ്ങൾ, വിവിധ കാവുകൾ, വെള്ളിക്കീൽ ടൂറിസം കേന്ദ്രം, കൈത്തറി ഉൽപ്പന്ന വിതരണ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് വിനോദ-വിജ്ഞാന യാത്രകൾ സംഘടിപ്പിക്കും. പറശ്ശിനിക്കടവ് ബോട്ട് യാത്ര ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ടൂറിസം വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കാനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.

ബഡ്ജറ്റിലെ മറ്റ് പ്രധാന വകയിരുത്തലുകൾ:

• കക്കൂസ് മാലിന്യം സംസ്‌കരിച്ച് വളമാക്കാൻ എഫ്.എസ്.ടി.പി/എസ്.ടി.പി പ്ലാന്റുകൾ (22.9 കോടി രൂപ)

• സമഗ്ര നെൽകൃഷി വികസനം (60 ലക്ഷം രൂപ)

• വിവിധ വാർഡുകളിൽ ഹാപ്പിനസ് പാർക്ക് (30 ലക്ഷം രൂപ)

• എ.കെ.ജി ഐലന്റിൽ ടൂറിസം പാർക്ക് (25 ലക്ഷം രൂപ)

• സമഗ്ര തെങ്ങ് കൃഷി വികസനം (20 ലക്ഷം രൂപ)

• മത്സ്യ മാർക്കറ്റ് നിർമ്മാണം (10 ലക്ഷം രൂപ)

• കാഴ്ച പരിമിതിയുള്ളവർക്ക് മൊബൈൽ ഫോൺ വിതരണം (1.5 ലക്ഷം രൂപ)

ബഡ്ജറ്റ് അവതരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി. പ്രേമരാജൻ, എം. ആമിന, ഓമന മുരളീധരൻ, പി. ദീപ, നഗരസഭാ കൗൺസിലർമാരായ ടി. നാരായണൻ, കൊമ്പൻ കുഞ്ഞപ്പ എന്നിവർ പ്രസംഗിച്ചു. മുൻ ചെയർപേഴ്സൺമാരായ പി.കെ. ശ്യാമള, പി. മുകുന്ദൻ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ. മനോജ്കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!