കണ്ണൂർ: ഡാൻസ് ക്ലാസ് തുടങ്ങാമെന്നും നിക്ഷേപത്തിന് ഉയർന്ന പലിശ നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ 46 പവൻ സ്വർണ്ണാഭരണങ്ങളും ഒന്നരലക്ഷത്തിലധികം രൂപയും തട്ടിയെടുക്കുകയും, പിന്നീട് യുവതിയെ പൂട്ടിയിട്ട വീട്ടിൽ വെച്ച് പീഡിപ്പിക്കുകയും ചെയ്ത പ്രതി പിടിയിലായി. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയും നിലവിൽ കണ്ണൂർ സൗത്ത് ബസാറിൽ താമസക്കാരനുമായ സിജു (38) വിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും പേരാമ്പ്രയിൽ വെച്ച് പിടികൂടിയത്.
പറശ്ശിനിക്കടവ് സ്വദേശിനിയായ 38-കാരിയുടെ പരാതിയിലാണ് പോലീസ് നടപടി. താൻ അഭിഭാഷകനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. കക്കാട് ഡാൻസ് സ്കൂൾ തുടങ്ങാമെന്നും, ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം നിക്ഷേപിച്ചാൽ 10 ശതമാനം പലിശ വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് 46 പവനോളം ആഭരണങ്ങൾ കൈക്കലാക്കി. കൂടാതെ പടക്ക വ്യാപാരത്തിന് ലൈസൻസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് 1,60,000 രൂപയും വാങ്ങി.
ക്രൂരമായ പീഡനം:
നൽകിയ പണവും സ്വർണ്ണവും യുവതി തിരികെ ആവശ്യപ്പെട്ടതോടെ, കഴിഞ്ഞ ഏപ്രിൽ മാസം ലേഡീസ് ഹോസ്റ്റലിലേക്ക് എന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി. തുടർന്ന് കണ്ണൂരിലെ പൂട്ടിയിട്ട ഒരു വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും യുവതിയെയും മക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിന് ശേഷം ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

