പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനം; കുട്ടികളുടെ ഭാവിവെച്ച് കളിക്കാറില്ല, അർഹതപ്പെട്ട തുക വാങ്ങിയെടുക്കലാണ് ലക്ഷ്യം; മന്ത്രി വി ശിവൻകുട്ടി

Kannadiparamba online news
Screenshot

കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാണെന്നും നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപ തടഞ്ഞുവെച്ചത് മറികടക്കാനുള്ള നീക്കമാണിത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തിനും ഈ സർക്കാർ കൂട്ടുനിൽക്കില്ല. കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ല. 

പി എം ശ്രീ പദ്ധതി ഒപ്പിടാത്തതിന്റെ പേരിൽ 2023-2024 വർഷത്തിൽ കേരളത്തിന് നഷ്ടമായത് 188 കോടി 58 ലക്ഷം രൂപയാണ്. 1158 കോടി 13 ലക്ഷം ആകെ നഷ്ടമായി.പാഠപുസ്തകം, പെൺകുട്ടികളുടെ അലവൻസുകൾ, പ്രീ പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം പരീക്ഷ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളാണ് ഈ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ബാധിച്ചത് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരുകളുടെ മുന്നിൽ പി എം ശ്രീ എന്ന് ചേർക്കുമെന്നാണ് വ്യവസ്ഥ അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്പടിയിലും പറഞ്ഞിട്ടില്ല. അങ്ങിനെ ഒന്നിൽ ഒപ്പുവെച്ചിട്ടും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കുട്ടികളുടെ ഭാവി പന്താടികൊണ്ട് ഒരു രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വഴങ്ങാൻ സർക്കാർ തയ്യാറല്ല.ഈ ഫണ്ട് ഒരു പാർട്ടിയുടെയും ഔദാര്യമല്ല. കേരളത്തിൽ നിന്നുള്ള ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണിത്. അത് നേടിയെടുക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വം മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

2027 മാർച്ചിൽ പി എം ശ്രീ പദ്ധതി അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ 1476 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. കുട്ടികൾക്ക് അവകാശപ്പെട്ടതാണ് ഈ ഫണ്ട്.കേരളത്തിന്റെ പാഠ്യ പദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. NEP വന്ന ശേഷം പാഠപുസ്തകം പരിഷ്കരിച്ച ഏക സംസ്ഥാനം കേരളമാണ്. NCERT വെട്ടിയ ഗാന്ധിവധവും, മുകൾ ചരിത്രവുമടക്കമുള്ള പാഠഭാഗങ്ങൾ കേരളം പ്രത്യേകമായി ഉൾപ്പെടുത്തി അതിൽ പരീക്ഷ നടത്തുകയും ചെയ്തിട്ടുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഇതേ പാഠഭാഗങ്ങൾ തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കുക അതിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!