പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയുടെ കൈക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പ്ലാസ്റ്റർ ഇട്ടത്. രക്തയോട്ടം നിലച്ച് നീര് വച്ച് പഴുത്ത സ്ഥിതിയിലായ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുറിച്ചുമാറ്റിയത്.
സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുകയും ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടർമാർക്കെതിരെ നടപടി.
സെപ്റ്റംബർ 24ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ വെച്ച് കൈയിൽ പ്ലാസ്റ്റർ ഇട്ടു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്.
പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. 24, 25, 30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ കുറ്റപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

