കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ചിത്രകാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. 65-കാരനായ നേപ്പാള്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയെ ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

നേപ്പാൾ സർക്കാരിനുനേരേ ‘ജെൻ സീ വിപ്ലവം’! ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ യുവജനപക്ഷോഭത്തിന്റെ ചൂടറിഞ്ഞു. നിരോധനമില്ലാതിരുന്ന സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിച്ച് യുവാക്കൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. യുവാക്കൾ തെരുവിലിറങ്ങിയതോടെ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച ഉത്തരവ് പിന്‍വലിച്ചു. പക്ഷേ പ്രക്ഷോഭം അവസാനിച്ചില്ല. ഒടുവിൽ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്ക് രാജി വെച്ച് ഒഴിയേണ്ടിവന്നു. നേപ്പാളിലെ പുതിയ സാമൂഹികമാധ്യമ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 26 പ്രമുഖ സാമൂഹികമാധ്യമങ്ങൾ നിരോധിക്കാൻ സര്‍ക്കാര്‍ നീങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തിയില്ല. പിന്നാലെയാണ് നിരോധനം നിലവില്‍ വന്നത്. പ്രക്ഷോഭം രൂക്ഷമായതോടെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത സർക്കാർ തിങ്കളാഴ്ച രാത്രി വൈകി നിരോധനം പിൻവലിച്ചു. അതൊന്നും പ്രതിഷേധക്കാരെ ശാന്തരാക്കിയില്ല. എന്തുകൊണ്ടാണ് നേപ്പാളി യുവത്വം തെരുവിലിറങ്ങിയത്? എന്തായിരുന്നു നേപ്പാളിലെ സാമൂഹികമാധ്യമ നിരോധനത്തിന്റെ പശ്ചാത്തലം? എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്?
നേപ്പാളിലെ സാമൂഹികമാധ്യമ നിരോധനം
കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള പ്രധാന സാമൂഹികമാധ്യമങ്ങൾ കഴിഞ്ഞ ദിവസം നേപ്പാൾ നിരോധിച്ചത്. എല്ലാ പ്രധാന സാമൂഹികമാധ്യമങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നേപ്പാൾ സർക്കാരിന്റെ നിർദേശം.സാമൂഹികമാധ്യമങ്ങൾ ഓഫീസുകൾ സ്ഥാപിക്കണമെന്നും പരാതി കൈകാര്യം ചെയ്യുന്നതിന് ഓഫീസർമാരെ നിയമിക്കണമെന്നും നേപ്പാൾ ആവശ്യപ്പെട്ടു. കമ്പനികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഓഗസ്റ്റ് 28 മുതൽ ഏഴ് ദിവസത്തെ സമയപരിധി മന്ത്രാലയം നിശ്ചയിച്ചിരുന്നു. വ്യാജവാർത്തകൾ, വിദ്വേഷപ്രസംഗം, ഓൺലൈൻ തട്ടിപ്പ് എന്നിവ തടയാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ സെൻസർ ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു കടുത്ത നടപടിയാണിതെന്ന് വിമർശകർ പറഞ്ഞു.
ഒരാഴ്ച സമയം നൽകിയെങ്കിലും സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് കമ്പനികൾ രജിസ്റ്റർ ചെയ്യുകയോ പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുകയോ ചെയ്തില്ല എന്ന കാരണത്താലാണ് 26 സാമൂഹികമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോർഡ്, പിൻട്രെസ്റ്റ്, സിഗ്നൽ, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലർ, ക്ലബ്‌ഹൗസ്, റംബിൾ, മി വീഡിയോ, മി വൈക്ക്, ലൈൻ, ഇമോ, ജലോ, സോൾ, ഹംറോ പത്രോ എന്നിവയുൾപ്പെടെ സാമൂഹികമാധ്യമങ്ങൾ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ ബ്ലോക്ക് ചെയ്യപ്പെടുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച സമയപരിധിയിൽ മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്‌സ് (മുമ്പ് ട്വിറ്റർ), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിവയുൾപ്പെടെ ഒരു ആഗോള പ്ലാറ്റ്‌ഫോമും അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല. എന്നാൽ ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവയുൾപ്പെടെ ഏതാനും സാമൂഹികമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.
രജിസ്റ്റർ ചെയ്യാത്ത സാമൂഹികമാധ്യമങ്ങൾ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പ്രവർത്തനരഹിതമാക്കാൻ മന്ത്രാലയം നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റിയോട് നിർദ്ദേശിച്ചു. എന്നാൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഏതൊരു സാമൂഹികമാധ്യമത്തിനും അതേ ദിവസം തന്നെ പുനഃസ്ഥാപിക്കുമെന്നും സർക്കാർ വക്താവ് പ്രഖ്യാപിച്ചിരുന്നു. നേപ്പാളിൽ സ്ഥിരമായി പ്രശ്നപരിഹാര ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നിയമിക്കണമെന്ന് കഴിഞ്ഞവർഷം നേപ്പാൾ സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. വരുമാനം നിയന്ത്രിക്കേണ്ടതിന്റെയും തെറ്റായ വിവരങ്ങൾ പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും സർക്കാർ തീരുമാനം ശരിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ നിരോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യത്തിൽ ആവശ്യമായ നിയമപരമായ ക്രമീകരണങ്ങൾ നടത്താനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്.
തെരുവിലിറങ്ങി നേപ്പാളിലെ ‘ജെൻസി’
രാജ്യത്ത് പ്രമുഖ സാമൂഹികമാധ്യമങ്ങൾ ലഭ്യമല്ലാതായതോടെയാണ് സ്കൂൾ, കോളേജ് യൂണിഫോമുകൾ ധരിച്ച് പതിനായിരക്കണക്കിന് ജെന്‍ സി തലമുറയില്‍ പെട്ട യുവാക്കൾ തെരുവിലിറങ്ങിയത്. സാമൂഹികമാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേയും രാജ്യത്തെ അഴിമതിയുടെ സംസ്‌കാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യുവാക്കൾ മാര്‍ച്ച് സംഘടിപ്പിച്ചു. പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ചു.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രക്ഷോഭം വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചു. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകൾ മറികടന്ന് പ്രക്ഷോഭകർ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിവീശുകയും റബ്ബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടം തകര്‍ക്കുകയും വളപ്പിലേക്ക് അതിക്രമിച്ച് കയറുകയും പ്രവേശന കവാടത്തിന് തീയിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിക്കുകയും പാര്‍ലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലകളില്‍ പ്രതിഷേധക്കാര്‍ പ്രവേശിക്കുകയും ചെയ്തതോടെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു.
സർക്കാർ നിർദേശം പാലിച്ച ടിക്‌ടോക്, വൈബർ, വിറ്റ്ക്, നിംബസ്, പോപോ ലൈവ് എന്നിവ സർക്കാർ നിരോധിച്ചിരുന്നില്ല. യുവാക്കൾ ഇതിലൂടെയാണ് ആശയവിനിമയം നടത്തിയതും പ്രക്ഷോഭത്തിന് ആളെക്കൂട്ടിയതും. അതോടെ, തലസ്ഥാനത്ത് സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യമുയർത്തിയാണ് ജെന്‍ സി യുവാക്കൾ തെരുവിലിറങ്ങിയത്. സാമൂഹികമാധ്യമനിരോധനം പിൻവലിക്കുക എന്ന ആവശ്യത്തിനൊപ്പം അഴിമതി തടയുക, സാമ്പത്തികാസമത്വം ഇല്ലായ്മചെയ്യുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചിരുന്നു. ‘ജെൻ സീ വിപ്ലവം’ അടിച്ചമർത്താൻ സുരക്ഷാസേന തുടങ്ങിയതോടെയുണ്ടായ അക്രമസംഭവങ്ങളിൽ 19 പേരാണ് മരിച്ചത്. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പോലീസ് നടപടിയിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതോടെ ഇതിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖകിന് രാജിവെയ്ക്കേണ്ടി വന്നു. പിന്നാലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത സർക്കാർ തിങ്കളാഴ്ച രാത്രി വൈകി നിരോധനം പിൻവലിച്ചു. സാമൂഹികമാധ്യമ സൈറ്റുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ബന്ധപ്പെട്ട ഏജൻസികളോട് ഉത്തരവിട്ടതായി വാർത്താവിനിമയമന്ത്രാലയം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടും പ്രതിഷേധം
ജനാധിപത്യത്തില്‍നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടും നേപ്പാളിൽ ജനകീയപ്രക്ഷോഭം നടന്നിരുന്നു. ഈ വർഷം മാർച്ച് മാസത്തിലാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഈ പ്രതിഷേധം നടന്നത്. രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 28-ന് ഒരുകൂട്ടമാളുകള്‍ പ്രക്ഷോഭവുമായി തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവിലിറങ്ങി. രാജ്യത്തെ രക്ഷിക്കാൻ മുൻരാജാവ് ഗ്യാനേന്ദ്ര ഷാ വരട്ടെ, അഴിമതിനിറഞ്ഞ സർക്കാർ തുലയട്ടെ എന്നീ മുദ്രാവാക്യങ്ങളേന്തിയായിരുന്നു പ്രതിഷേധം. പോലീസിനെ ഇറക്കിയാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. കടകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിഷേധക്കാരനും ഒരു ക്യാമറാമാനും. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് നൂറിലേറെപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹിന്ദു രാജ്യമായിരുന്ന നേപ്പാളില്‍ രാജഭരണം അവസാനിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. 2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍. ഒരു വെള്ളിയാഴ്ച വൈകുന്നേരത്തെ അത്താഴ വിരുന്നിനിടെയുണ്ടായ സംഭവ വികാസങ്ങളായിരുന്നു നേപ്പാള്‍ രാജകുടുംബത്തെയും ആ രാജ്യത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചത്. 2001 ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരത്തെ രാജകുടുംബത്തിന്റെ പതിവ് അത്താഴ വിരുന്ന് ഒരു ദുരന്തത്തിലാണ് അവസാനിച്ചത്. കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെയാണ് നേപ്പാൾ ജനാധിപത്യത്തിലേക്ക് ചുവടുവെച്ചത്. എന്നാൽ അന്ന് അവസാനിച്ച രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ചിൽ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന പ്രക്ഷോഭം. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു.
എന്തുകൊണ്ട് ജെൻ സി തെരുവിലിറങ്ങി?
സാമൂഹികമാധ്യമങ്ങൾ നിരോധിച്ചത് മാത്രമാണോ നേപ്പാള യുവത്വത്തെ തെരുവിലിറക്കിയത്? സത്യത്തിൽ അല്ല എന്നാണ് ഉത്തകം. നേപ്പാളിലെ വലിയ രാഷ്ട്രീയ ചലനത്തിന്റെ പ്രതീകം മാത്രമാണ് സാമൂഹികമാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധം. 2008-ൽ രാജ്യം ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിനുശേഷം അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ തുടർച്ചയായി അധികാരത്തിലെത്തുകയും പുറത്തു പോകുകയും ചെയ്യുന്നതിൽ യുവാക്കൾ നിരാശരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശസ്തിയിലേക്ക് വന്ന ചുരുക്കം ചില യുവ നേതാക്കളുടെ ജനകീയതയ്ക്ക് പിന്നിൽ സാമൂഹികമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. മുൻ റാപ്പറും പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച ആളുമായ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, മുൻ ടിവി അവതാരകനും മുൻ ഉപപ്രധാനമന്ത്രിയുമായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മേധാവി റാബി ലാമിച്ചനെ എന്നിങ്ങനെയുള്ളവർ ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ പ്രധാന സാമൂഹികമാധ്യമങ്ങൾ സർക്കാർ നിരോധിക്കുന്നത് യുവാക്കൾക്കിടയിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനുള്ള ഒരു ബിൽ പാർലമെന്റിൽ വരാനിരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് പ്രതിഷേധം.
നേപ്പാൾ യുവത്വത്തിന്റെ അതൃപ്തിക്ക് നിരവധി കാരണങ്ങളുണ്ട്. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ നേപ്പാളിന്റെ സാമ്പത്തിക വളർച്ച ത്വരിതഗഗതിയിലായിരുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ യഥാർത്ഥ ജിഡിപി 4.9 ശതമാനം വളർന്നു. കഴിഞ്ഞ വർഷത്തിലെ ആദ്യ പകുതിയിൽ ഇത് 4.3 ശതമാനമായിരുന്നു. പക്ഷേ, തൊഴിൽ അവസരങ്ങൾ കുറഞ്ഞു. കാലാവസ്ഥ വെല്ലുവിളികളും പ്രകൃതി ദുരന്തങ്ങളും മൂലം രാജ്യം ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇതോടെ യുവാക്കളിൽ പലരും തൊഴിൽ തേടി വിദേശത്തേക്ക് രാജ്യം വിടുകയാണ്. നേപ്പാളിലെ കാര്യം പരിശോധിച്ചാൽ തൊഴിലാളികളിൽ 82 ശതമാനവും സാധാരണ തൊഴിലെടുത്ത് ജീവിക്കുന്നവാണ്. ആഗോള ശരാശരിയേക്കാൾ വളരെ കൂടുതൽ. ഇതിന് പുറമേ രാഷ്ട്രീയ വിഷയങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒലി, പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, അഞ്ച് തവണ പ്രധാനമന്ത്രിയായ ഷേർ ബഹാദൂർ ദ്യൂബ എന്നിവർക്കിടയിൽ അധികാരം മാറിമാറി വരുന്നു. നേരത്തെ ഏതാനും മാസങ്ങൾക്ക് മുമ്പും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാലത് രാജവാഴ്ചയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു. നേപ്പാളിലെ മിക്കവാറും എല്ലാ മുതിർന്ന നേതാക്കളും ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ നിഴലിലാണുള്ളത്. ഇതും യുവാക്കളെ വലിയ തോതിൽ നിരാശരാകുന്നു.
ശര്‍മ ഒലിയുടെ രാജി; ഇനി നേപ്പാളിന് മുന്നിലെന്ത്?
സാമൂഹികമാധ്യമങ്ങൾ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും നേപ്പാളില്‍ യുവാക്കളുടെ പ്രക്ഷോഭം തുടരുകയാണ്. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വീണ്ടും പ്രതിഷേധം ആരംഭിച്ചത്. നിരോധനം നീക്കിയെങ്കിലും 19 പേര്‍ കൊല്ലപ്പെട്ടതിന് കാരണം സര്‍ക്കാരാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങിയത്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ എന്നിവരുടെ സ്വകാര്യവസതികള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിവിധ മന്ത്രിമാരുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. അതിനിടെ, പ്രക്ഷോഭം വീണ്ടും ശക്തമായതോടെ രണ്ട് മന്ത്രിമാര്‍ കൂടി ചൊവ്വാഴ്ച രാജിവെച്ചു. ജലവിതരണ വകുപ്പ് മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി തുടങ്ങിയവരാണ് രാജിവെച്ചത്. ഒടുവിൽ പ്രധാനമന്ത്രി ശര്‍മ ഒലിക്കും രാജിവെച്ച് ഒഴിയേണ്ടി വന്നു.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായി വലിയതോതിൽ ബന്ധമില്ലാത്ത നേപ്പാളിലെ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. അതിനാൽ തന്നെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് നേപ്പാളിലെ യുവജന പ്രതിഷേധങ്ങൾ. പ്രതിഷേധത്തിന് പിന്നാലെ സാമൂഹികമാധ്യമ നിരോധനം വേഗത്തിൽ പിൻവലിച്ചിരുന്നു. ആഭ്യന്തര മന്ത്രിയുടെ രാജിയും പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മിറ്റി രൂപീകരിച്ചതും പ്രതിഷേധക്കാരുടെ സമ്മർദത്തേ തുടർന്നായിരുന്നു. എന്നാൽ കാര്യങ്ങൾ അതിൽ അവസാനിച്ചില്ല. പ്രധാനമന്ത്രി ശര്‍മ ഒലിക്ക് തന്നെ സ്ഥാനമൊഴിയേണ്ടി വന്നു. എന്നാൽ, ഇതിലപ്പുറം ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കാം.ഒരുപക്ഷേ ബംഗ്ലദേശിൽ കണ്ടതുപോലെ ഒരു ഭരണമാറ്റത്തിലേക്കടക്കം നേപ്പാൾ പോകാൻ സാധ്യതയുണ്ട്. ഹിന്ദു രാജ്യമായിരുന്ന നേപ്പാളില്‍ രാജഭരണം അവസാനിച്ചിച്ച് ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾ ഒരു വഴിത്തിരിവാണ്. അത് നേപ്പാളിനെ ഏത് വഴി നടത്തുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

