കണ്ണാടിപ്പറമ്പിലും സമീപപ്രദേശങ്ങളിലും തെരുവ്നായകളുടെ വിളയാട്ടം; നമ്മൾ സുരക്ഷിതരോ..!??

Kannadiparamba online news

Kannadiparamba online ✍️✍️

കണ്ണാടിപ്പറമ്പ്: നാളുകൾ ഏറെയായി കണ്ണാടിപ്പറമ്പിലും സമീപപ്രദേശങ്ങളിലും തെരുവ്നായകളുടെ വിളയാട്ടം തുടങ്ങിയിട്ട്. പ്രത്യേകിച്ചും ഉൾപ്രദേശങ്ങളിൽ കൂട്ടത്തോടെ വസിക്കുന്ന നായകൾ ജനങ്ങൾക്ക് ഇന്ന് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇന്നലെ സമീപപ്രദേശമായ ചാലിൽ സ്വദേശി കാക്കാമണി ശാരദയെന്ന യശോദ (70) എന്ന വയോധികയുടെ ചുണ്ടും കവിളും തെരുവ്നായ കടിച്ചുപറിച്ച് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഇന്നലെ തന്നെ നൂഞ്ഞേരി, കാരയാപ്പ്, കയ്യങ്കോട് ഭാഗങ്ങളിൽ അഞ്ചു പേർക്ക് കടിയേറ്റിരുന്നു. ചന്ദ്രിക ഏജന്റും പത്രവിതരണക്കാരനുമായ നൂഞ്ഞേരിയിലെ എ.പി ഖാലിദ് (62), കയ്യങ്കോട്ടെ മുണ്ടോത്തുംപീടികയിൽ ഫാത്തിമ (62), സാബിറ പറമ്പന്റവിട (33), വിദ്യാർത്ഥിയായ ഹബീബ ഒതയന്റവിട (18), കാരയാപ്പിലെ ഹലീമ എന്നിവർക്കു നേരെയാണ് തെരുവ്നായകളുടെ ആക്രമണമുണ്ടായത്. പലരുടെയും മുഖത്തും കാലിനുമാണ് കടിയേറ്റത്.
പ്രദേശത്ത് നിരവധി സ്കൂളുകളും മദ്റസകളുമാണ് പ്രവർത്തിച്ചുവരുന്നത്. അതിരാവിലെയും രാത്രി വൈകിയും സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും തിരിച്ചും കാൽനടയായും മറ്റും യാത്ര ചെയ്യുന്നവർ ഏറെയാണ്. പ്രത്യേകിച്ച് കുട്ടികൾക്കും വൃദ്ധന്മാർക്കും തെരുവ്നായകൾ റോഡിൽ അലഞ്ഞുതിരിയുന്നത് വലിയ വെല്ലുവിളി ഉയർത്തുന്നു.
വീടുകളിലെയും മറ്റു വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ആളുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവ്നായകളുടെ വിളയാട്ടത്തിന് ആക്കം കൂട്ടുന്നുവെന്നതിൽ സംശയമില്ല. ഇവയെ നിയന്ത്രിക്കാൻ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള കൃത്യമായ ഇടപെടലുകൾ അനിവാര്യമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൂട്ടായ പ്രവർത്തനങ്ങളാൽ തെരുവ്നായ ശല്യം ഇല്ലാതാക്കാമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ‘കണ്ണാടിപ്പറമ്പ ഓൺലൈനി’നോടു പറഞ്ഞു.
കഴിഞ്ഞ ദിവസം തെരുവ്നായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ യശോദ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്ത് സാരമായി പരുക്കേറ്റ ഇവരെ രണ്ടു ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കും. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇനിയും കണ്ണുതുറന്നില്ലെങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള ക്രൂരമായ ആക്രമണം ഇനിയും നാട്ടിൽ ആവർത്തിക്കും.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ തെരുവ്നായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ എൺപതോളം പേർക്ക് രണ്ടു ദിവസത്തിനിടയിൽ കടിയേറ്റു. തെരുവ്നായ ശല്യം അടിയന്തിരമായി പരിഹരിക്കാൻ കണ്ണൂർ കോർപ്പറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുപോലെ ഗ്രാമ പഞ്ചായത്തുതലങ്ങളിലും പ്രശ്നപരിഹാരത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!