കണ്ണൂർ: സമീപകാലത്ത് വച്ച് ഏറ്റവും വൃത്തിഹീനമായ അവസ്ഥയിൽ കണ്ണൂർ ടൗണിലും പരിസര പ്രദേശങ്ങളും. പൊതുവിടങ്ങളടക്കം എങ്ങും മാലിന്യങ്ങളും വൃത്തികേടും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉത്തരേന്ത്യയിലെ വൃത്തിഹീനമായ നഗരങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് റെയിൽവേ സ്റ്റേഷൻ പരിസരമടക്കമുള്ള ഇടങ്ങൾ. റോഡുകളിൽ പലയിടത്തും ചപ്പ് ചവറുകൾ ചിതറിയും മലിനജലം കെട്ടിക്കിടക്കുകയുമാണ്.
റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരാഴ്ചയായി മലിനജലം ഒഴുകുകയാണ്. ഇത് ചവിട്ടാതെ വഴി നടക്കാൻ കഴിയാത്ത സ്ഥിതി. അസഹനീയമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം ദേഹത്ത് തെറിക്കാതെ ജനം പാടുപെടുകയാണ്. ഇതിന്റെ പേരിൽ ഡ്രൈവർമാരും കാൽനട യാത്രക്കാരും തമ്മിൽ വാക്കു തർക്കങ്ങളും പതിവാണ്.
പ്രശ്‌നം കോർപ്പറേഷനിൽ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ജീവനക്കാരെത്തി പരിശോധിച്ചു. എറണാകുളത്തുനിന്ന് പ്രത്യേക യന്ത്രം എത്തിച്ചാൽ മാത്രമേ തടസ്സം നീക്കാൻ കഴിയൂ.
സ്വന്തമായി യന്ത്രം വാങ്ങണമെങ്കിൽ 36 ലക്ഷത്തിലേറെ രൂപ വേണമെന്നും ചൊവ്വാഴ്ച വാടകയ്ക്ക് യന്ത്രം എത്തിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചതായും കച്ചവടക്കാർ പറഞ്ഞു. കച്ചവടക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇടവിട്ട ദിവസങ്ങളിൽ കോർപ്പറേഷൻ ആളുകളെത്തി ബ്ലീച്ചിങ് പൗഡർ കലക്കി റോഡിൽ ഒഴിച്ചുപോകും. അത് താത്കാലിക ആശ്വാസമാവുന്നുണ്ടെങ്കിലും നടപടി വേഗത്തിലാക്കണമെന്നാണ് യാത്രക്കാരും കച്ചവടക്കാരും പറയുന്നത്.
കോർപ്പറേഷൻ പറഞ്ഞ ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ മറ്റ് മാർഗങ്ങളിലേക്ക് കടക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു. മലിനജലം ഒഴുകി യാത്രക്കാരും കച്ചവടക്കാരും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഓട്ടോ ലേബർ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

