അഴീക്കലിൽ തുറമുഖത്ത് പ്രതീക്ഷ ഉയരുന്നു; ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കും

Kannadiparamba online news

അഴീക്കോട്:

അഴീക്കൽ തുറമുഖത്തിലൂടെ സ്ഥിരം ചരക്കുനീക്കമെന്ന സ്വപ്നം യാദാര്‍ഥ്യത്തിലേക്ക്. അഴീക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസ് ആരംഭിക്കും. കണ്ടെയ്നർ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വീണ്ടും ചരക്കുകപ്പൽ സർവീസ് തുടങ്ങാന്‍ ധാരണയായത്.
മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ് സർവീസ് നടത്താൻ താൽപര്യം അറിയിച്ചത്. തുറമുഖത്ത് വൈകാതെ ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നും കണ്ടെയ്‌നർ ഗോഡൗൺ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ഉറപ്പ് നൽകി. സർവീസുകൾ കൃത്യമായ സമയക്രമം പാലിക്കണമെന്ന് കെ വി സുമേഷ് എംഎൽഎ നിർദേശിച്ചു. ഷെഡ്യൂൾ നേരത്തേ നൽകുമെന്നും അതുപ്രകാരം സർവീസ് നടത്തുമെന്നും കപ്പൽ കമ്പനി പ്രതിനിധികൾ അറിയിച്ചു. വിദേശകപ്പലുകളടക്കം അടുക്കാനുള്ള ഐഎസ് പി എസ് കോഡ് കഴിഞ്ഞ വർഷം അഴീക്കല്‍ തുറമുഖത്തിന് ലഭിച്ചിരുന്നു. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫീസ് എന്നിവ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. തുറമുഖത്തെ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്ന മുറയ്ക്ക് ഡ്രഡ്ജിങ്ങും ആരംഭിക്കും. നേരത്തെ കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് മാരിടൈം ബോർഡ് ചരക്കുകപ്പൽ സർവീസ് നടത്തിയിരുന്നു. എന്നാലിപ്പോൾ കപ്പൽ സർവീസ് നടക്കുന്നില്ല. സർവീസ് നിർത്താനുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണ്. കപ്പൽ കമ്പനിയുടെയും മാരിടൈം ബോർഡിന്റെയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് എന്നിവയുടെ പ്രതിനിധികളും കുടകിൽനിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നവരും മലയാളികളായ നിരവധി കര്‍ഷകര്‍ കുടകില്‍ കാപ്പിയും കുരുമുളകും കൃഷിചെയ്യുന്നുണ്ട്. നല്ല വിലകൂടി ലഭിക്കുന്ന വേളയിൽ ചരക്കുനീക്കത്തിലൂടെ കയറ്റുമതി വർധിപ്പിക്കാന്‍ സാധിക്കുമെന്നത് മലയാളി കർഷകർക്ക്‌ പ്രതീക്ഷ വര്‍ധിപ്പിപ്പിക്കുകയാണ്.
മാരിടൈം ബോർഡ് സിഇഒ ഷൈൻ എ ഹക്ക്, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ട. ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എം ഡി മായൻ മുഹമ്മദ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് രമേഷ് കുമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!