പയ്യന്നൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന
മുൻ എം.എൽ.എയും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും,കാസർഗോഡ് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറും,മുൻ എംഎൽഎയും നാഷണൽ ഖാദി ലേബർ യൂണിയൻ INTUC സംസ്ഥാന പ്രസിഡൻ്റു മായ കെ.പി.കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു ജനനം. പരേതരായആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. പയ്യന്നൂർ കാറമേലിൽ ” പ്രിയദർശിനി ” യിലാണ് താമസം.
കെ.പി.സി.സി ജനറൽ സെക്രട്ടരിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർകോട് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തി വരുന്നത്.കാസർകോട് ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ.പി, ദീർഘകാലം കാസർകോട് ഡി.സി.സി പ്രസിഡണ്ടായും പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോൺഗ്രസ്സിന് പുതിയ ഊർജവും ശക്തിയും നൽകി.ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചിട്ടുണ്ട്.ലീഡർ കെ.കരുണാകരൻ്റെ അടുത്ത അനുയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1991-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എം സ്ഥാനാർത്ഥി പി.രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു.96 – ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ തന്നെ മൂന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിംഗ് എം.എൽ.എയായ പി.രാഘവന് തന്നെയായിരുന്നു വിജയം.2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാർത്ഥി എം.രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.
കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയരക്ടർ, പയ്യന്നൂർ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.2005 മെയ് ഒന്നിന് കെ.കരുണാകരൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രധാന നേതാവായിരുന്നു കെ.പി.കുഞ്ഞിക്കണ്ണൻ. എന്നാൽ ഒരു ചെറിയ കാലയളവിന് ശേഷം കെ.കരുണാകരൻ കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം കെ.പി.കുഞ്ഞിക്കണ്ണനും മാതൃസംഘടനയിൽ തിരിച്ചെത്തി.
ഇക്കഴിഞ്ഞ 4ന് ഉച്ചക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ കാറപകടത്തിലാണ് കെ.പി.കുഞ്ഞിക്കണ്ണന് പരിക്കേറ്റത്.അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.വാരിയെല്ലിന് ക്ഷതമേറ്റ് ആദ്യം കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഭാര്യ: കെ.സുശീല ( റിട്ട. പ്രഥമാധ്യാപിക കാറമേൽ എ എൽ. പി. സ്കൂൾ)
മക്കൾ : കെ.പി.കെ. തിലകൻ ( അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്) കെ.പി.കെ. തുളസി ( അധ്യാപിക സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ) മരുമക്കൾ: അഡ്വ. വീണ എസ് നായർ ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).
സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ .
ഭൗതികശരീരം ഇന്ന് രാവിലെ
10.30 മുതൽ 11.30 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം
ഉച്ചയ്ക്ക് 1 മണിക്ക്
കാസർഗോഡ് ഡിസിസി ഓഫീസിലും
2 മണിക്ക് കാസർഗോഡ് നിന്ന് വിലാപയാത്രയായി വൈകുന്നേരം 5 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും
7 മണിയോടുകൂടി കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ എത്തിച്ചേരും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

