യുഎഇയിൽ മഴയെത്തുന്നു; തയാറെടുത്ത് അധികൃതർ

Kannadiparamba online news

ദുബൈ: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ വീണ്ടും രാജ്യത്ത് മഴയെത്തുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ. മേയ് രണ്ട് വ്യാഴാഴ്ച പുലർച്ച മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഏപ്രിൽ 16ന് ലഭിച്ചതു പോലെ ശക്തമായ മഴയായിരിക്കില്ലെന്നും ജാഗ്രതയുണ്ടായാൽ മതിയെന്നും വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപമുള്ളവരും കനത്ത ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.വ്യാഴാഴ്‌ച മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അറിയിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ മേഘങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ചില തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ ഇടത്തരംതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി, സംയുക്ത കാലാവസ്ഥ നിരീക്ഷണ സംഘവുമായി വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവരുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു. വരാനിരിക്കുന്ന കാലാവസ്ഥ സാഹചര്യം നേരിടുന്നതിന് രാജ്യം സജ്ജമാണെന്ന് അധികൃതർ വെളിപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴയുടെ സന്ദർഭത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ട്രാഫിക് നിയമം കർശനമായി പാലിക്കുകയും വേഗത കുറച്ച് വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുകയും വേണം. വാദികളിലേക്ക് വാഹനമോടിച്ച് അപകടം വരുത്തിവെക്കരുത്. വാഹനത്തിന്‍റെ എൻജിൻ അടക്കമുള്ള ഭാഗങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം -പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുൻകരുതലിൻ്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎഇയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് ദുബായ് സർക്കാർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!