കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രീൻ വുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ ഭാര്യയുടേയും മക്കളുടേയും മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ജഡ്ജ് എ.വി മൃദുല വിധിക്കും. ഒഡീഷ സാന്ത വില്ലേജിലെ ഗണേഷ്നായിക്ക് (25), റിങ്കു തൂഫാൻ( 21 ), ബപ്പുണ്ണ എന്ന രാജേഷ് ബഹ്റ (18), ചിഞ്ചു എന്ന പ്രസാന്ത് സേട്ട് (23) എന്നിവരയൊണ് കോടതി വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളതെങ്കിലും അഞ്ചാമനെ കണ്ടെത്താനായിട്ടില്ല.
2018 മേയ് 19ന് രാത്രി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പതിനൊന്നും മൂന്നും വയസുള്ള രണ്ട് മക്കളുടേയും ഭാര്യയുടേയും മുന്നിൽ വച്ചായിരുന്നു കൊലപാതകം. പ്രഭാകർ ദാസിന്റെ ഭാര്യ രശ്മിത ദാസ്, മകൾ ലക്ഷ്മിപ്രിയ ദാസ്, ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപ്പിള്ള ഉൾപ്പെടെ നാല് ഡോക്ടർമാർ, എയർടെൽ, ജിയോ എന്നീ കമ്പനികളുടെ നോഡൽ ഓഫീസർമാർ, പ്രതികൾ കത്തികൾ വാങ്ങിയ കടക്കാരൻ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ അന്നത്തെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്നിവരുൾപ്പെടെ 40 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച മൂന്ന കത്തികൾ, മൊബൈൽ ഫോണുകൾ, പ്രതികൾ വീട്ടിൽ നിന്നും കൊളളയടിച്ച സ്വർണഭരണങ്ങൾ ഉൾപ്പെടെ 57 തൊണ്ടി മുതലുകളും 103 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
എഫ് ഐആർ രജിസ്റ്റർ ചെയ്തത് ഇപ്പോഴത്തെ വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ ആയിരുന്നു. അന്നത്തെ സി ഐ ആയിരുന്ന എം. കൃഷ്ണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ കെ. അജിത്ത്, അഡ്വ. പി. അഞ്ജന എന്നിവരാണ് ഹാജരായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

