കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപൂർവ്വ നേട്ടം കൊയ്തെടുത്ത് കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ .ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്, ഉറുദു ഗസൽ മത്സരത്തിൽ ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ ത്രി ഫൈനലിസ്റ്റും സെലിബ്രിറ്റി താരവുമായ സിദ്നാൻ താജും, ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ അനന്യയും , ഹയർ സെക്കണ്ടറി വിഭാഗം ഉറുദു ഗസൽ, പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഐശ്വര്യ ജ്യോതിഷുമാണ് സ്കൂളിന് വേണ്ടി അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
ഉസ്താദ് ഫയാസ് ഖാന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്ന സിദ്നാൻ താജ് മെഹ്തി ഹസ്സന്റെ “ഏക് ബസ് തൂഹി നഹി ” എന്നു തുടങ്ങുന്ന ഉറുദു ഗസലാണ് വേദിയിൽ അവതരിപ്പിച്ചത്. ഡോക്ടർ ഹംപിൾ ഷൈനിന്റെ കീഴിൽ നിന്നാണ് ഉറുദു ഗസൽ പഠിച്ചെടുത്തത്. മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും കല്യാണത്തെ കുറിച്ച് സാഹിത്യമാക്കി മാപ്പിള കവി മോയിൻ കുട്ടി വൈദ്യർ രചിച്ച മാപ്പിളപ്പാട്ട് വരികൾക്ക്
മുഹ്സിൻ ഗുരിക്കൾ സംഗീതം പകരുകയും പ്രശസ്ത ഗായികയും റിയാലിറ്റി ഷോ താരവുമായ തലശ്ശേരി സ്വദേശിനി സിമ്യ ഹംദാൻ പരിശീലിപ്പിച്ച മാപ്പിളപ്പാട്ടുമാണ് പാടിയത്. സിദ്നാന്റെ കന്നി മത്സരത്തിൽ തന്നെ മികച്ച വിജയം നേടി.
അന്തതയെയും ശാരിരിക വൈകല്യങ്ങളേയും അതിജീവിച്ച് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുന്ന അനന്യ മോയിൻ കുട്ടി വൈദ്യർ രചിച്ച ” മുതിരൈ അബൂ റാഫിഅ് ” എന്നു തുടങ്ങുന്ന പാട്ട് മലപ്പുറം ജില്ലയിലെ റഷീദ് മോങ്ങമാണ് കമ്പോസ് ചെയ്തത്. ജന്മാനാലെയുള്ള വൈകല്യങ്ങൾക്ക് പുറമെ നൂറു ശതമാനം കണ്ണിന് കാഴ്ചയില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടിയാണ് എട്ടാം ക്ലാസുകാരിയായ അനന്യ. വെള്ളം എന്ന സിനിമയിൽ പാടിയ ഈ മിടുമിടുക്കിയെ സംഗീതം പഠിപ്പിക്കുന്നത് ഇതേ സ്കൂളിലെ സംഗീത അധ്യാപകൻ ടി.പി. വിനയ കൃഷ്ണനാണ്.
കഴിഞ്ഞ വർഷം കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ മിന്നും വിജയം നേടി സ്കൂളിന്റെ താരമായി മാറിയ ഐശ്വര്യ ജ്യോതിഷ് ഇത്തവണ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി.
പള്ളിപ്രം ദേവദാസൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിക്കുന്ന ഐശ്വര്യ ജ്യോതിഷ് റഷീദ് മോങ്ങം ഈണം നൽകിയ മോയിൻ കുട്ടി വൈദ്യരുടെ മലപ്പുറം ഖിസ്സയിലെ വരികളാണ് വേദിയിൽ അവതരിപ്പിച്ചത്. അഗാ ബിസ്മിൽ രചിച്ച “മഹ്ഫിൽ മേം ബാർ ബാർ ” എന്നു തുടങ്ങുന്ന ഉറുദു ഗസലാണ് മത്സരത്തിൽ ആലപിച്ചത്. സംഗീത അധ്യാപകൻ ടി.പി.വിനയ കൃഷ്ണൻ മാസ്റ്ററുടെയും , മാപ്പിള കലകൾക്ക് മേൽനോട്ടം വഹിക്കുന്ന കെ.എം.ഷംസുദ്ദീന്റെയും കീഴിലാണ് ഐശ്വര്യ ജ്യോതിഷ് പരിശീലനം നേടിയത്.
ഈ അപൂർവ്വ നേട്ടങ്ങൾക്ക് പുറമെ ഇത്തവണ സംസ്ഥാന കലോത്സവത്തിൽ കോൽക്കളി, ഒപ്പന : തമിഴ് പ്രസംഗം, അറബിക് സംഭാഷണം എന്നിവയിൽ മത്സരിച്ച് മിന്നും വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

