പടിയിറങ്ങുന്നത് സംതൃപ്തിയോടെ; കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ രാജിവെച്ചു

Kannadiparamba online news

Kannadiparamba news online ✍️

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ രാജിവെച്ചു. യുഡിഎഫിലെ ധാരണ പ്രകാരം മേയര്‍ സ്ഥാനം ലീഗിന് കൈമാറാനാണ് രാജി. കോര്‍പറേഷന്‍ സെക്രട്ടറി ഇന്‍ചാര്‍ജ് മണികണ്ഠ കുമാറിനാണ് രാജി നല്‍കിയത്. വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ഭരണസമിതിക്ക് സാധിച്ചു എന്നത് ഏറെ സംതൃപ്തി നല്‍കുന്നതായി ടി ഒ മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണ സമിതി നിലവില്‍ വന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ മൂന്ന് വര്‍ഷക്കാലയളവില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ കോര്‍പ്പറേഷന് നടത്താന്‍ കഴിഞ്ഞു എന്നത് ഏറെ സംതൃപ്തി നല്‍കുന്നതാണ്. കോവിഡ് പ്രതിസന്ധിയും ഫണ്ടിന്റെ ലഭ്യതക്കുറവും വിലങ്ങുതടിയായി നിന്നപ്പോഴും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ചെയ്യാന്‍ കഴിയുന്നതിലേറെ ഇക്കാലയളവില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് വിവിധ മേഖലകളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ തേടിയെത്തിയത്. ഏറെക്കാലമായി കണ്ണൂര്‍ ജനതയുടെ അഭിലാഷമായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന് പുതിയ ആസ്ഥാനമന്ദിരം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ഈ ഭരണ സമിതിയുടെ കാലത്ത് ആരംഭിക്കാന്‍ സാധിച്ചതും രണ്ട് നിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം പകരുന്നതാണ്.
വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യ ശേഖരണപദ്ധതിക്ക് കേന്ദ്രഭവന നഗരകാര്യ വകുപ്പിന്റെ ദേശീയ അംഗീകാരം ലഭിച്ചത് ഇക്കാലയളവിലാണ്. ന്യൂഡല്‍ഹിയില്‍ നടന്ന സ്വച്ഛതാ സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലെയ്വിലേക്ക് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ മേഖലയില്‍ നിന്നും ആകെ തിരഞ്ഞെടുത്ത 4 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ നെല്ലിക്ക ആപ്പ് മാറി. പ്രത്യേക ആപ്പ് വഴി വീടുകളില്‍ നിന്നും ഖരമാലിന്യശേഖരണം നടത്തുന്ന ഇന്ത്യയിലെ ഏക കോര്‍പ്പറേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ്.
കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ വിവരശേഖരണ പ്ലാറ്റ്‌ഫോമായ ഇന്ത്യ അര്‍ബന്‍ ഡാറ്റാ എക്‌സ്‌ചേഞ്ചില്‍ (ഐ യൂ ഡി എക്‌സ് ) ഇനി കണ്ണൂര്‍ കോര്‍പ്പറേഷനിലെ വിവരങ്ങളും ലഭ്യമാകുന്നത് നമ്മുടെ കോര്‍പ്പറേഷനെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാക്കും. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാറ്റ്‌ഫോമില്‍ ഇടം പിടിക്കുന്നത് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളില്‍ ഇതുവരെ 34 എണ്ണം മാത്രമേ ഐ യൂ ഡി എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്നിട്ടുള്ളൂ. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടാത്ത ഒരു നഗരം ഇതില്‍ വരുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആണ്.
കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും മറ്റും എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ജി ഐ എസ് മാപ്പിംഗ് പദ്ധതി നടപ്പിലാക്കിയ ആദ്യ കോര്‍പ്പറേഷന്‍ ആയി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാറി. അതോടൊപ്പം റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയലിന്റെ മികച്ച മേയര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചതും മറ്റ് ബഹുമതികളും വ്യക്തിപരമായ അംഗീകാരമായിട്ടല്ല, കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കരുതുന്നത്. പലവിധ എതിര്‍പ്പുകള്‍ നേരിട്ട മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വഴി പടന്നപ്പാലത്തെ മലിനജലത്തിന്റെ ഒഴുക്കിനും കാനത്തൂര്‍, താളിക്കാവ് ഡിവിഷനുകളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായിരിക്കുകയാണ്. കേരളത്തില്‍ തദ്ദേശഭരണ സ്ഥാപനത്തിന്റേതായി ആദ്യമായി സ്ഥാപിക്കപ്പെട്ട മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റാണ് മഞ്ചപ്പാലത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നത് അഭിമാനകരമാണ്. ഓരോ വീട്ടിലും സൗജന്യ കണക്ഷന്‍ നല്‍കുന്നതോടെ എല്ലാവരെയും ഇതില്‍ പങ്കാളികളാക്കാന്‍ കഴിയും.
ചേലോറയിലെ മാലിന്യ വിരുദ്ധസമരം കേരളമാകെ അറിയപ്പെട്ട ഒന്നാണ്. അവിടെ കഴിഞ്ഞ 60 വര്‍ഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്യുന്ന പ്രവൃത്തി 60 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായി 90 കേന്ദ്രങ്ങളില്‍ ആധുനിക രീതിയിലുള്ള ക്യാമറകള്‍ സ്ഥാപിച്ചതും ഇക്കാലയളവിലാണ്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ഇക്കാലയളവില്‍ ആരംഭിക്കാനായി. ഗാന്ധി സര്‍ക്കിള്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെയും പയ്യാമ്പലത്തും താണ, പ്ലാസ എന്നിവിടങ്ങളിലും മനോഹരമായ രീതിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുകയും നഗരത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നതിന് സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് തനതായി പദ്ധതികള്‍ നടപ്പിലാക്കുകയും മാലിന്യം നിറഞ്ഞ കക്കാട് പുഴ ശുദ്ധീകരിക്കുന്നതിനുള്ള ഒന്നാം ഘട്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും പുഴയുടെ കയ്യേറ്റം അവസാനിപ്പിച്ച് സ്ഥലം തിരിച്ചു പിടിക്കുകയും ചെയ്തു. കോര്‍പ്പറേഷന്റെ മാലിന്യ നിക്ഷേപകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ?നെഹ്‌റു പാര്‍ക്ക്? ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിഞ്ഞതും ഏറെ അഭിമാനകരമാണ്. അതോടൊപ്പം സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകത്തിന് സമീപം മനോഹരമായ ഫ്രീഡം പാര്‍ക്ക് ഒരുക്കുകയും ചെയ്തു. നഗരത്തിലെ മുഴുവന്‍ റോഡുകളും നവീകരിക്കുന്നതിനായി ഏകദേശം 40 കോടി രൂപയോളം ചെവഴിച്ചിട്ടുണ്ട്. 500 ഓളം പുതിയ റോഡുകളുടെ ടാറിംഗ്, ഇന്റര്‍ലോക്കിംഗ്, കോണ്‍ക്രീറ്റ് എന്നിവ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മാണത്തിന്റെ പ്രവൃത്തി 95 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. പയ്യാമ്പലം, പഞ്ഞിക്കല്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഒഴുകിയെത്തുന്ന ജലം തിരിച്ചൊഴുകാതെ കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലക്കാണ് പടന്നത്തോടിന്റെ അഴിമുഖത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുലിമുട്ട് നിര്‍മ്മിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥക്ക് പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും. ഇതിന്റെ നിര്‍മ്മാണാനുമതിക്ക് തീരദേശ സംരക്ഷണ അതോറിറ്റിയില്‍ ഉണ്ടായിരുന്ന തടസ്സം പരിഹരിക്കുന്നതിന് ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് പദ്ധതി മുന്നോട്ട് പോയത്.
അഭ്യസ്ഥവിദ്യരായ നിരവധി യുവജനങ്ങള്‍ക്ക് ആശ്രയമായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ തല മെഗാ തൊഴില്‍ മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ബാങ്കിംഗ്, ഏവിയേഷന്‍, അക്കൗണ്ടിംഗ്, ടൂറിസം, ഹെല്‍ത്ത്, ഐ ടി, എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് തുടങ്ങിയ വിവിധ മേഖലകളിലെ നൂറിലധികം കമ്പനികള്‍ തൊഴില്‍മേളയുടെ ഭാഗമായി. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ ഏകദേശം 500 ല്‍ അധികം പേര്‍ക്ക് തല്‍സമയം തൊഴില്‍ നല്‍കുവാന്‍ സാധിച്ചത് ഏറെ അഭിമാനകരമാണ്.
നഗരത്തിലെത്തുന്നവരെ ഏറെ അലട്ടിയിരുന്നത് വാഹന പാര്‍ക്കിംഗ് ആണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌റ്റേഡിയം കോര്‍ണറിലും പീതാബര പാര്‍ക്കിലും നിര്‍മ്മിക്കുന്ന രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ പണി 90 ശതമാനം പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിക്കഴിഞ്ഞു. 11.27 കോടി ചെലവിലാണ് ഇവ നിര്‍മ്മിക്കുന്നത്. രണ്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലുമായി 155 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ടാകും. ഇത് പൂര്‍ണമായും തുറന്നു കൊടുക്കുന്നതോടെ പാര്‍ക്കിംഗിനും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. കോവിഡ് പ്രതിസന്ധിയും കരാറുകാര്‍ തമ്മിലുള്ള പ്രശ്‌നവും ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്.
ഏകദേശം 50 വര്‍ഷം മുമ്പ് പണികഴിപ്പിച്ചതാണ് നമ്മുടെ ജവഹര്‍ സ്‌റ്റേഡിയം. ലോക ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണ പന്ത് തട്ടിയ ഇന്ത്യയിലെ ഏക സ്‌റ്റേഡിയം ജവഹര്‍ സ്‌റ്റേഡിയമാണ്. നല്ല കളിക്കളങ്ങളില്ലാത്തത് നമ്മുടെ കായിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജവഹര്‍ സ്‌റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി 1 കോടിയോളം രൂപയുടെ പദ്ധതിയാണ് കോര്‍പ്പറേഷന്‍ തയ്യാറാക്കി നടപ്പിലാക്കിയത്. ഒരു കാലത്ത് ഫെഡറേഷന്‍ കപ്പ്, ശ്രീനാരായണ ട്രോഫി തുടങ്ങി നിരവധി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ഇപ്പോള്‍ കെ എഫ് എ യുടെ ആഭിമുഖ്യത്തിലുള്ള കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടന്നുവരികയാണ് എന്നത് കായികപ്രേമികള്‍ക്ക് ഏറെ ആവേശമുണ്ടാക്കുന്നതാണ്. അതോടൊപ്പം മറഡോണക്ക് ഉചിതമായ സ്മാരകം എന്ന നിലയില്‍ സ്‌റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
ഗാന്ധിയന്‍ ഓര്‍മ്മകള്‍ ഇല്ലാതാക്കുന്ന വര്‍ത്തമാനകാല ശ്രമങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 22 സ്‌കൂളുകളില്‍ ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമകള്‍ സ്ഥാപിച്ചു. ഇതോടെ ഏറ്റവും കൂടുതല്‍ ഗാന്ധിപ്രതിമയുള്ള നഗരമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാറി. ഇന്ത്യയില്‍ തന്നെ ഒരു തദ്ദേശസ്ഥാപനം ഇതിനായി മുന്‍കൈ എടുക്കുന്നത് ആദ്യമായാണ്.
കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഫിസിയോ തെറാപ്പി യൂണിറ്റോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്‌പെന്‍സറിയായ പള്ളിക്കുന്ന് ഗവ.ഹോമിയോ ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു നിലകളുള്ള കെട്ടിടത്തില്‍ വെയിറ്റിംഗ് ഹാള്‍, കണ്‍സല്‍ട്ടിംഗ് റൂം, ഫാര്‍മസി, ഫീഡിംഗ് റൂം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
കോവിഡിനെതുടര്‍ന്ന് ഏറെക്കാലമായി അടച്ചിട്ടിരുന്ന ആറ്റടപ്പ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇക്കാലയളവില്‍ പുനരാരംഭിക്കാനായത് ഏറെ സംതൃപ്തി തരുന്നു. ഡയാലിസിസ് ചെയ്യുന്നതിനായി 6 ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും മാരകരോഗം ബാധിച്ചവര്‍ക്ക് മരുന്ന് വാങ്ങുന്നതിന് ധനസഹായം നല്‍കുന്നതിനുമായി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ചേലോറ പി എച്ച് സി ക്ക് വേശി നിര്‍മ്മിച്ച കെട്ടിടം തുറന്നുകൊടുത്തതും 3 ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകളില്‍ ഒരെണ്ണം ആരംഭിക്കാനായതും ഇക്കാലയളവിലാണ്. ഇതുള്‍പ്പെടെ ആരോഗ്യരംഗത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്.
തദ്ദേശ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ നിധി രൂപീകരിച്ച് സഹായം നല്‍കണമെന്ന ചട്ടം എല്ലായിടത്തും ഏട്ടിലെ പശുവായി മാറിയപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിരവധി പേര്‍ക്ക് ധനസഹായം നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ഇതുവരെയായി ആകെ 500 ഓളം പേര്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായം നല്‍കി എന്നുള്ളത് കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ്. അതോടൊപ്പം അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഉള്‍പ്പെടെയുള്ള ക്ഷേമപരിപാടികള്‍ നടന്നു വരുന്നു.
വികസനത്തിന്റെയും ക്ഷേമത്തിന്റെയും നേട്ടങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെരുപ്പ് നന്നാക്കുന്ന തൊഴിലാളികള്‍ക്ക് ഓഫീസേര്‍സ് ക്ലബ്ബിനും പ്രസ്സ് ക്ലബ്ബ് റോഡിനും സമീപത്തായി 16 തൊഴിലാളികള്‍ക്ക് സൗജന്യമായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ച് നല്‍കിയത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൂടി ചേര്‍ത്തുപിടിക്കുക എന്നതിന്റെ ഭാഗമായാണ്. പി എം എ വൈ പദ്ധതി പ്രകാരം കോര്‍പ്പറേഷനില്‍ ഈ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം 550 വീടുകള്‍ നല്‍കാന്‍ സാധിച്ചു എന്നതും വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 1400 ഓളം പേര്‍ക്കായി 10 കോടിയിലധികം രൂപയുടെ ധനസഹായം അനുവദിച്ചതും ഭവനം എന്ന ജീവിത ദശയിലെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകള്‍, കോര്‍പ്പറേഷന്റെ മെയിന്‍ ഓഫീസ്, സോണല്‍, ഡിവിഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലായി 15 സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് & ഇന്‍സിനേറ്റര്‍ മെഷീന്‍ സ്ഥാപിച്ചു. ഇതു വഴി മെച്ചപ്പെട്ട വ്യക്തിശുചിത്വവും മാലിന്യ സംസ്‌കരണ രീതിയും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നു. നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 1 കോടിയിലധികം രൂപ ചെലവഴിച്ച് ഷീ ലോഡ്ജ് നിര്‍മ്മിച്ചത് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമാകും.
202021 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. അമൃത് പദ്ധതി നടത്തിപ്പില്‍ 195 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന് സംസ്ഥാനത്ത് ഒന്നാമതെത്താന്‍ കഴിഞ്ഞു എന്നതും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കാണുന്നത്. അമൃത് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 2 കോടി 2 ലക്ഷം രൂപയോളം ചെലവാക്കി കോര്‍പ്പറേഷന്‍ പരിധിയിലെ നാല് കുളങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചാല അമ്പലക്കുളം, സിറ്റി വലിയ കുളം, കിഴുന്ന അമ്പലക്കുളം, ചെട്ടിയാര്‍കുളം എന്നിവയുടെ നവീകരണം 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. അതുപോലെ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 96.24 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും. കൂടാതെ നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും. 24000 ത്തോളം വീടുകളില്‍ പുതുതായി സൗജന്യകുടിവെള്ള കണക്ഷന്‍ നല്‍കുന്നതോടെ മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍ മാറും. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം ജനങ്ങളുടെ വിനോദത്തിനും ആഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും കണ്ണൂര്‍ ദസറ വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷിക്കാന്‍ സാധിച്ചു എന്നതും അതിലെ വലിയ ജനപങ്കാളിത്തവും ഭരണസമിതിക്ക് ഏറെ സന്തോഷം നല്‍കുന്നു. ദസറ ആഘോഷം കഴിഞ്ഞ വര്‍ഷം ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചതായപ്പോള്‍ ഇത്തവണ മാലിന്യത്തിനെതിരെയായിരുന്നു. ?നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍? എന്നായിരുന്നു ഈ വര്‍ഷം കണ്ണൂര്‍ ദസറ ഉയര്‍ത്തിയ സന്ദേശം. കഴിഞ്ഞവര്‍ഷം ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രം ?ഔട്ട് ഓഫ് സിലബസ്? ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൂടുതല്‍ അവകാശ വാദങ്ങള്‍ക്കില്ല. എല്ലാ വികസന മുന്നേറ്റങ്ങളും നിറദീപമായി ജനങ്ങളുടെ കണ്ണകലത്തും, കയ്യകലത്തും ഉണ്ട്. അഞ്ച് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് കോര്‍പ്പറേഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കാന്‍ സാധിച്ചു എന്നതും അത് യാഥാര്‍ത്ഥ്യലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതിലും ഈ ഭരണസമിതിക്ക് ഏറെ അഭിമാനമുണ്ട്. ദ്രുതഗതിയില്‍ വികസിച്ചു വരുന്ന നഗരം എന്ന നിലയില്‍ കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ ഇക്കാലത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഗരസൗന്ദര്യവത്കരണത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!