യുഎഇയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിനിയും

Kannadiparamba online news
Screenshot

റാസല്‍ഖൈമ: യു.എ.ഇയിലെ റാസല്‍ഖൈമയിൽ ബസ് ട്രക്കിലിടിച്ച്​ മരിച്ച 13 പേരിൽ തല​ശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷി(26)നെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. നേരത്തെ മരിച്ചവരിൽ ഇന്ത്യക്കാരുണ്ടെന്ന്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ സ്ഥിരീകരിച്ചിരുന്നു. അതേസമയം മരിച്ചവരുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിസ മാറ്റത്തിനായി ഒമാനിലെത്തി തിരികെ യു.എ.ഇയിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ. അപകടത്തിൽ 14 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. 

ദുബൈ, അജ്​മാൻ, ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവരാണ്​ ബസിലുണ്ടായിരുന്നത്​. റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ മസാഫി-ശൗക്ക-കദ്റ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അല്‍വതന്‍ റോഡിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, തകരാറിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. 

റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ ദുബൈ കോൺസുലേറ്റ്​ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബങ്ങളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പം അനുശോചനവും പ്രാർഥനകളുമുണ്ടായിരിക്കുമെന്നും കോൺസുലേറ്റ്​ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട്​ 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ്​ പങ്കുവെച്ചിട്ടുണ്ട്​. 

അപകടത്തിൽ 11 പേർ തൽക്ഷണം മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 13 ആയി ഉയര്‍ന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!