കണ്ണൂർ: നാടിനെ ഹരിതാഭവും മനോഹരവുമാക്കുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പറമ്പ് റോഡിന്റെ മുഖച്ഛായ മാറ്റി ‘ഐ.എൻ.സി. വാരിയേഴ്‌സ്’ വാട്സപ്പ് കൂട്ടായ്മ മാതൃകയായി. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയതിന് പിന്നാലെ, നടപ്പാതയോരങ്ങളിൽ പൂച്ചട്ടികൾ സ്ഥാപിച്ച് വിവിധയിനം പൂച്ചെടികൾ നട്ടുപിടിപ്പിച്ചാണ് കൂട്ടായ്മ ശ്രദ്ധേയമായത്.
കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടായ്മയിലെ അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലാണ് റോഡരികിലെ കാടുകൾ വെട്ടിമാറ്റി പ്രദേശം ശുചീകരിച്ചത്. ശുചീകരണത്തിന്റെ ഭാഗമായി പതിനഞ്ചോളം ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. തുടർന്നാണ് സൗന്ദര്യവൽക്കരണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്. കാൽനടയാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ നടപ്പാതയുടെ വശങ്ങളിലാണ് ചെടിച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും ചെടികളുടെ കൃത്യമായ പരിപാലനത്തിനായി പ്രത്യേക ശ്രദ്ധ നൽകുമെന്നും, നാടിന്റെ വികസനത്തിനും ശുചിത്വത്തിനുമായി ഇനിയും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. മാസത്തിൽ ഒരു ദിവസം ശുചീകരണ ദിനമായി ആചരിക്കാനും, പൊതുജനങ്ങളെയും വിവിധ ക്ലബ്ബുകളെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളെയും ഒരുമിപ്പിച്ച് നാടിനെ പൂർണ്ണമായും ശുചിത്വമുള്ളതാക്കി മാറ്റാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
കോൺഗ്രസ് സേവാദൾ ജില്ലാ ട്രഷറർ മൂസ പറമ്പിൽ, ബൂത്ത് പ്രസിഡന്റ് കെ.പി. മഹമൂദ്, കോടിപ്പോയിൽ ബൂത്ത് പ്രസിഡന്റ് കെ.പി. ശുക്കൂർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ ടിന്റു സുനിൽ, പി.വി. റഹ്മത്ത്, എ.പി. ഹംസ, കെ. ഭാസ്കരൻ, റഹ്മത്തുള്ള, പറമ്പിൽ റാഫി, അഷ്‌റഫ് കണ്ടമ്പേത്ത്, ജസീർ പി., നൂറുദ്ദീൻ കെ.പി., കെ.പി. മുനീർ, മൻസൂർ എം.പി., മുസ്തഹ്സിൻ ടി.പി. തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

