കണ്ണൂർ: കഴിഞ്ഞ 14 വർഷമായി സി.പി.എം. നേതൃത്വത്തിനെതിരേ കെട്ടിപ്പൊക്കിയ ഗൂഢാലോചനക്കേസാണ് കോടതി വിധിയിലൂടെ പൊളിഞ്ഞുവീണതെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാർട്ടി നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വേട്ടയാടാനാണ് ഇത്രയുംകാലം ശ്രമിച്ചത്. 14 വർഷമായി വേവിച്ചെടുത്ത െപരുംനുണയാണ് പൊളിഞ്ഞുവീണതെന്നും അദ്ദേഹം പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതിവിധിക്കു പിന്നാലെയാണ് രാഗേഷിന്റെ പ്രതികരണം.
2012-ൽ അക്രമ വാർത്തയറിഞ്ഞ് പ്രദേശം സന്ദർശിക്കാൻ പോയ പി. ജയരാജനെയും കൂട്ടരെയും ആക്രമിക്കുകയും തുടർന്ന് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് ഗൂഢാലോചന നടത്തിയെന്ന് വരുത്തിത്തീർക്കാൻ രണ്ട് കള്ള സാക്ഷികളെ ഉണ്ടാക്കുകയുമായിരുന്നു. ആർ.എസ്.എസ്. ആക്രമണത്തിൽ ദേഹമാസകലം വെട്ടേറ്റ പി. ജയരാജൻ. അദ്ദേഹത്തെയും ടി.വി. രാജേഷിനെയുംപോലെയുള്ള നേതാക്കളെ കേസിൽ കുടുക്കാൻ ഒരു ഘട്ടത്തിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐ.ക്ക് വിട്ടു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടാനുള്ള നീക്കംകൂടിയായിരുന്നു ഇത്. അതുകൂടിയാണ് കോടതി വിധിയോടെ പൊളിഞ്ഞുവീണതെന്നും രാഗേഷ് പറഞ്ഞു.
ഗൂഢാലോചനാക്കേസിന് ഒരടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. നാട്ടിൽ എത്രയോ കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയൊന്നും പേരുകൾപോലും ചർച്ചയാക്കാതെ ഈ കേസിനെമാത്രം ബോധപൂർവം സെൻസിറ്റീവാക്കി മാറ്റുകയാണുണ്ടായത്. അതിനായി പാർട്ടി കോടതി, ഗൂഢാലോചന എന്നിങ്ങനെ രണ്ട് പെരുംനുണകൾ കെട്ടിപ്പൊക്കി. അതാണിപ്പോൾ തകർന്നുവീണത്. കേസിൽ മറ്റ് ചിലർ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കുന്നതിനായി അവർക്ക് മേൽക്കോടതിയിൽ അപ്പീൽ പോകാനുള്ള അവകാശമുണ്ടെന്നും സ്വാഭാവികമായും അപ്പീൽ നൽകുമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

