വളപട്ടണം: വളപട്ടണം സ്റ്റേഷൻ പരിധിയിൽ വിവിധ സമയങ്ങളിൽ നഷ്ടപ്പെട്ട 20 മൊബൈൽ ഫോണുകൾ സി.ഇ.ഐ.ആർ. (CEIR) പോർട്ടൽ വഴി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് കണ്ടെടുത്തു. കേരളത്തിന് പുറമേ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ എത്തിയ ഫോണുകളാണ് പൊലീസ് വിജയകരമായി കണ്ടെത്തിയത്. ചില ഫോണുകൾ പൊലീസ് സംഘം നേരിട്ട് പോയി ശേഖരിച്ചപ്പോൾ, മറ്റ് സംസ്ഥാനങ്ങളിലുള്ളവ കൊറിയർ മാർഗമാണ് സ്റ്റേഷനിൽ എത്തിച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം വളപട്ടണം സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.എം. വിപിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. സ്റ്റേഷൻ എ.എസ്.ഐ. കെ.പി. ഷമീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണുകൾ കണ്ടെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
വളപട്ടണം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അർഹരായ ഉടമസ്ഥർക്ക് ഫോണുകൾ കൈമാറി. സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.എം. വിപിൻ സ്വാഗതം പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ വിജേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി. ഷാജി വർഗ്ഗീസ് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരു പൊലീസ് സ്റ്റേഷൻ തലത്തിൽ ഇത്രയധികം ഫോണുകൾ കണ്ടെത്തി നൽകിയ വളപട്ടണം പൊലീസിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എ.എസ്.ഐ.മാരായ കെ.പി. ഷമീം, ഷാജി, എസ്.സി.പി.ഒ.മാരായ ജാഫർ ഷെരീഫ്, ജയ്സൺ തുടങ്ങിയവരും സംസാരിച്ചു.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക.
തുടർന്ന് പരാതി രസീത് ഉപയോഗിച്ച് സി.ഇ.ഐ.ആർ. പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിലെ ഐ.എം.ഇ.ഐ. നമ്പറുകൾ നൽകി ബ്ലോക്ക് ചെയ്യാം. ഈ ഫോണുകളിൽ ആരെങ്കിലും പുതിയ സിം കാർഡ് ഉപയോഗിച്ചാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കും.
സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ സഞ്ചാർ സാത്തി (https://sancharsaathi.gov.in) വെബ്സൈറ്റിലെ ‘Know Genuineness of Your Mobile Handset’ എന്ന ഓപ്ഷൻ വഴി ഐ.എം.ഇ.ഐ. നമ്പർ പരിശോധിച്ച് ഫോണിന്റെ ആധികാരികത ഉറപ്പുവരുത്തണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

