…….
ഉത്തര കേരളത്തിന്റെ മത സാമൂഹിക സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് കണ്ണൂർ ജില്ലയിൽ സേവന രംഗത്തും സ്ഥാപനങ്ങളുടെ പുരോഗമന പ്രവർത്തനങ്ങൾക്കും അക്ഷീണം യത്നിച്ച സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങൾ ഓർമ്മയായിട്ട് ഇന്നേക്ക് 12 വർഷം. പ്രകടനപരതയില്ലാത്ത ജീവിതം നയിച്ച കണ്ണൂർ ജില്ലയുടെ സ്വന്തം ഖാളിയാർ ആത്മാർത്ഥതയുടെ പ്രതിരൂപമായിരുന്നു. ഉത്തര മലബാറിലെ വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങളിൽ അതീവശ്രദ്ധ പുലർത്തിയ തങ്ങൾ നട്ടുവളർത്തിയ സ്ഥാപനങ്ങൾ ഇന്നും വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് ജില്ലയിൽ അടിവേര് പിടിപ്പിക്കുന്നതിലും ജില്ലയിലെ ഉലമാ-ഉമറാ സൗഹൃദത്തിന്റെ കാവലാളായി വര്‍ത്തിച്ചും അഹ്ലുസുന്നയെ കെട്ടിപ്പടുക്കുന്നതിൽ മഹാനവർകൾ ചെയ്ത പ്രയത്നങ്ങൾ നിസ്തുലമാണ്.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ദർസ് പഠനവും വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനവും പൂർത്തിയാക്കിയ ശേഷം വിദ്യാഭ്യാസമേഖലയിലേക്ക് മഹാനവർകൾ കടന്നു. കണ്ണൂർ ജില്ലയിൽ മുസ്ലിം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമൂഹിക പരിഷ്കാരങ്ങൾക്കും നേതൃത്വം നൽകി. പിന്നീട് പല മഹല്ലുകളുടെയും ഖാളി സ്ഥാനം ഏറ്റെടുത്തു. മസ്വ് ലഹത്തിൻ്റെ വഴിയിലൂടെ പല ബന്ധങ്ങളുടെയും നാഡിയായി പ്രവർത്തിച്ച തങ്ങൾ കലുഷമായ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി വർത്തിച്ചു.
ജില്ലയിലെ സഞ്ചരിക്കുന്ന സംഘാടകനായ തങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജില്ലയിലെ വർത്തമാന അജയ്യതക്കു പിന്നിൽ പ്രയത്നിച്ച കരങ്ങളിൽ പ്രഥാനിയായിരുന്നു.
മലയോര മേഖലയില്‍ സമസ്തയുടെ ആശയ പ്രചാരണം നടത്തി സംഘടനയെ ജനകീയ മാക്കുന്നതില്‍ അദ്ധേഹം നിര്‍ണായക പങ്കു വഹിച്ചു. 1989 ലെ കലുഷിത ചുറ്റുപാടുകള്‍ക്ക് ശേഷം ജില്ലയില്‍ സമസ്ത സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ശേഷം എസ്എംഎഫിന്റെ ജില്ലാ അധ്യക്ഷനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കണ്ണൂർ ജില്ല സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആസ്ഥാന മന്ദിരമായ കൊയ്യോട് മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ സ്മാരക ഇസ്ലാമിക് സെൻററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തങ്ങൾ ചാർത്തിയ കയ്യൊപ്പ് വിലമതിക്കാനാവാത്തതാണ്. അതിലുപരി ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലും തങ്ങൾ സാന്നിധ്യം പ്രകടമായിരുന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തെ പുൽകി വിദ്യാഭ്യാസരംഗത്ത് പുതിയ പ്രതീക്ഷകളുമായി തങ്ങൾ നേതൃത്വം നൽകിയ പല സംരംഭങ്ങളും ഇന്നും ജില്ലക്ക് അഭിമാനമായി നിലകൊള്ളുന്നു. സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൻ്റെ സ്ഥാപകനായും ജാമിയ അസ്അദിയ്യ പാപ്പിനിശ്ശേരിയുടെ വിജയത്തിന് കഠിന പ്രയത്നങ്ങൾ നടത്തിയും ജാമിയ ഹസനിയ്യ ആലുവ, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെൻറർ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളുടെ വളർച്ചക്ക് നിദാനമായും തങ്ങൾ ശ്രദ്ധേയനായി.
ഉലമ-ഉമറ ബന്ധത്തിന്റെ പ്രഭവ കേന്ദ്രമായി സയ്യിദവർകളുടെ പ്രവർത്തനങ്ങളെ വിലയിരുത്താം. മഹാപണ്ഡിതനും നിഷ്കാമകർമ്മിയായ പ്രവർത്തകനായും മതപ്രവർത്തന മേഖലയിൽ സജീവമായപ്പോൾ അവിടെ സംഗമിച്ചത് ഉലമ-ഉമറാ കെട്ടുറപ്പാണ്. ഉത്തര കേരളത്തിലെ പ്രമുഖ പണ്ഡിതരോട് അതീവ അടുപ്പവും ബന്ധവും സ്ഥാപിക്കുമ്പോൾ തന്നെ സയ്യിദ് അവർകൾ ജില്ലയിലെ ഉമറാക്കളെ ചേർത്തു പിടിച്ച് പടുത്തുയർത്തിയ സാമൂഹിക ഗോപുരങ്ങൾ അനവധി നിരവധിയാണ്.
1998ല്‍ ജില്ലയിലെ മുന്നൂറോളം മഹല്ലുകള്‍ ചേർന്ന് രൂപീകരിച്ച കണ്ണൂര്‍ ജില്ലാ സംയുക്ത ജമാഅത്തിന്റെ നാഇബ് ഖാളിയായി മരണം വരെ സയ്യിദവര്‍കള്‍ പ്രവര്‍ത്തിച്ചു.മാട്ടൂൽ സംയുക്ത ജമാഅത്തിന്റെയും മട്ടന്നൂർ സംയുക്ത ജമാഅത്തിന്റെയും കൊയ്യോട്, പുളിങ്ങോം മഹല്ലുകളുടെ സ്വതന്ത്ര ഖാളിയായും പ്രവർത്തിച്ച് ഖാളി മേഖലയിൽ കൂടി തങ്ങൾ പൊൻതൂവൽ ചാർത്തി. അനാഥ അഗതി മന്ദിരങ്ങൾ സ്ഥാപിച്ച് സമൂഹത്തിലെ നിരാലംബർക്ക് ആലംബമായി പരിവർത്തിക്കാനും ആ ജീവിത ജൈത്രയാത്രയിൽ തങ്ങൾ ശ്രദ്ധ പുലർത്തി. അതിൻറെ പ്രകടമായ ഉദാഹരണങ്ങളാണ് ദാറുൽ ഹസനാത്ത് വനിതാ യത്തീംഖാനയും പാപ്പിനിശ്ശേരി ഹുസൈനിയ്യ യത്തീംഖാനയും.
ചുരുക്കത്തിൽ വിദ്യാഭ്യാസ സാമൂഹിക സാമുദായിക സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തി ഒരു പുരുഷായുസ്സ് കൊണ്ട് സമൂഹത്തിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രതിഭാശാലിയായ പണ്ഡിതരായിരുന്നു സയ്യിദവർകൾ. ഉൽകൃഷ്ടമായ സ്വഭാവം കൊണ്ടും കുലീനമായ സഹവാസം കൊണ്ടും സമൂഹത്തിൽ തങ്ങൾ സ്വാധീനിച്ചത് ജില്ലയിലെ താഴെത്തട്ടിലുള്ളവർ മുതൽ സാമൂഹിക വിദ്യാഭ്യാസരംഗത്തെ പൗര പ്രമുഖർ വരെയാണ്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പനയത്തിൽ ബാഅലവി സാദാത്തുമാരിൽ പെട്ട സയ്യിദ് ഹാമിദ് തങ്ങളുടെയും ശൈഖ് അഹമ്മദ് സൂഫി നഖ്ശബന്ദി (റ) യുടെ പൗത്രി ഖദീജയുടെയും വലിയുള്ളാഹി പൊയിനാട് മുഹമ്മദ് മുസ്ലിയാരുടെ മകൾ ഹലീമ ഹജ്ജുമ്മ എന്നിവരുടെയും മകനായി 1937 ലാണ് സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ ഭൂജാതനാകുന്നത്. പിതൃ ഭവനത്തിൽ നിന്നും പനയത്തിൽ ജുമാ മസ്ജിദിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ മഹാനവർകൾ കൊയ്യോട്, നാറാത്ത്, ചെങ്ങളായി, പാപ്പിനിശ്ശേരി, ചാലിയം തുടങ്ങി ഒട്ടനേകം സ്ഥലങ്ങളിൽ നിന്ന് ദർസ് പഠനം നടത്തി. ശേഷം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കുകയും അധ്യാപന സേവന മേഖലയിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. മൗലാന ഷെയ്ഖ് ഹസ്സൻ ഹസ്രത്ത്, സൈനുദ്ദീൻ കുട്ടി മുസ്ലിയാർ, കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാർ, കോയ്യോട് മുഹിയുദ്ദീൻ മുസ്ലിയാർ തുടങ്ങിയ മഹാ പണ്ഡിതരിൽ നിന്ന് ഈ കാലയളവിൽ വിജ്ഞാനം നുകർന്നു.
ലോകപ്രശസ്ത ഹദീസ് പണ്ഡിതൻ മൗലാനാ ശൈഖ് ഹസ്സൻ ഹസ്രത്തിന്റെയും പുറത്തീൽ കുടുംബ പരമ്പരയിൽ കുഞ്ഞു ഫാത്തിമയുടെയും മകൾ ആയിഷ എന്നവരാണ് ഭാര്യ. നിരവധി സ്ഥാനങ്ങൾ വഹിച്ചും പല സ്ഥലങ്ങളിലും അധ്യാപനം നടത്തിയും സാമൂഹിക വിദ്യാഭ്യാസ പരിഷ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും തങ്ങൾ ജില്ലക്ക് നൽകിയ സംഭാവനകൾ അതുല്യമാണ്. വഫാത്തിന് ശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും തങ്ങൾ ഓർമ്മയിൽ നിഴലഴിക്കുകയാണ് ജില്ലയിലെ പല സംരംഭങ്ങളും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

