‘കല്ലെറിഞ്ഞവരെ സ്നേഹിക്കലാണ് ബലിപെരുന്നാളിന്റെ സന്ദേശം’; ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ മധുര വിതരണം സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ: കുറ്റപ്പെടുത്തലുകളും നിസ്സാരമാക്കലുകളും ഏറിവരുന്ന ഇന്നത്തെ കാലത്ത്, കല്ലെറിഞ്ഞവരെ സ്നേഹിക്കുന്ന പവിത്രമായ പാരമ്പര്യമാണ് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിനുള്ളതെന്ന് സാഹിത്യ കലാ സാഹിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ജിതേഷ് കണ്ണപുരം. കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അറഫാ ദിനത്തിൽ ചെറുകുന്നിൽ സംഘടിപ്പിച്ച “ബലി പെരുന്നാൾ മധുര വിതരണ സംഗമത്തിൽ” മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്മ ചെയ്യുന്നവരെ തളർത്താനും പാവങ്ങൾക്ക് കിട്ടുന്ന സഹായങ്ങൾ മുടക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് കാലം തേടുന്ന നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമം സമസ്ത റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാവ് മാട്ടൂൽ സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങൾ മശ്‌ഹൂർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്സൺ മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് ആമുഖ ഭാഷണം നടത്തി.

രണ്ട് കിലോ ബീഫ്, രണ്ട് കിലോ നേരിയരി, പച്ചക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ 313 പേർക്കുള്ള “പെരുന്നാൾ മധുര കിറ്റിന്റെ” വിതരണോദ്ഘാടനം പ്രമുഖ കാരുണ്യ സേവകൻ മുശ്താഖ് മാലദ്വീപ്, നൂഞ്ഞേരി അൽ ഹാഫിള് അശ്‌റഫ് മൗലവിക്ക് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്ന കുട വിതരണം എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ട്രെയിനറും ചെറുകുന്ന് തറ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ ഖത്തീബുമായ പുളിമ്പറമ്പ് മുഹമ്മദ് ഫൈസൽ അസ്അദി, ബശീർ ഫൈസി തിരുവട്ടൂരിന് നൽകി ഉദ്ഘാടനം ചെയ്തു.

അരിയിൽ മുഹമ്മദ് സഫ്‌വാൻ സഅദി, ഡോ. ടി.സി. മോഹനൻ, പി.വി. അബ്ദുൽ അലി ഹാജി, ജയൻ കണ്ണപുരം, ഹാഫിള് കെ.പി. ശമീർ മൗലവി, മാട്ടൂൽ പി.പി. ഇബ്രാഹിം കുട്ടി ഹാജി, എം.പി. സഖരിയ്യ, കെ.വി. അബൂബക്കർ, എം.വി. മുഹമ്മദലി, പുന്നക്കൻ മൂസാൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.വി. മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് ഫിനാൻഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ പാടിയിൽ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി വെള്ളറങ്ങൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!