തിരുവനന്തപുരം പാളയത്ത് എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷം; കല്ലേറും ലാത്തിച്ചാർജും

Kannadiparamba online news
Screenshot

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയിലേക്ക് കെ.എസ്.യു പ്രവർത്തകർ എത്തിയതോടെയാണ് വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായത്. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടായതോടെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

പോലീസ് ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതിനിടെ കോൺഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോർഡുകൾ എസ്.എഫ്.ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പരസ്പരമുണ്ടായ കല്ലേറിൽ ഇരുവിഭാഗം പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സംഘർഷത്തിന് പിന്നാലെ സി.പി.ഐ.എം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സംഭവസ്ഥലത്തെത്തി. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെ.എസ്.യു പ്രവർത്തകരുടെ അക്രമം പോലീസ് നോക്കിനിന്നെന്നും നേതാക്കൾ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വിജയാഹ്ലാദ പ്രകടനത്തിലേക്ക് കെ.എസ്.യു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് എം.വി. ജയരാജൻ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരെ ഏകപക്ഷീയമായി കെ.എസ്.യുവിന്റെ ക്രിമിനൽ സംഘവും പോലീസും ചേർന്ന് വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് കെ.എസ്.യു പ്രവർത്തകരെ മാറ്റുന്നതിന് പകരം എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് തിരിഞ്ഞതെന്ന് എ.എ. റഹീമും കുറ്റപ്പെടുത്തി.

എസ്.എഫ്.ഐക്ക് മിന്നുന്ന വിജയം:

കേരള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 37-ൽ 35 സീറ്റും നേടി എസ്.എഫ്.ഐ ഭരണം നിലനിർത്തിയിരുന്നു. എസ്.എഫ്.ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയൻ ചെയർമാൻ. ഒരു വൈസ് ചെയർപേഴ്‌സൺ സ്ഥാനമടക്കം രണ്ട് സീറ്റുകളിലാണ് കെ.എസ്.യു വിജയിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!