കണ്ണവം: കണ്ണവം പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ കാർ അപകടത്തിൽ മരിച്ച സുഹൃത്തുക്കളായ ഇസ്മായിലിന്റെയും സജീഷിന്റെയും വിയോഗം വിശ്വസിക്കാനാവാതെ കണ്ണവം നിവാസികൾ. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. 40 വർഷമായി കണ്ണവത്ത് ടയർ പഞ്ചർ കട നടത്തിവരികയായിരുന്ന സജീഷും, സിനിമാ താരമായ ഇസ്മായിലും ചായ കുടിക്കാൻ ടൗണിലേക്ക് നടന്നുപോകുമ്പോഴാണ് എതിർ ദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇരുവരുടെയും ജീവനെടുത്തത്.
അത്ഭുതദ്വീപിലെ താരം; നാടിന്റെ കുഞ്ഞി ഇസ്മായിൽ
മൂന്നര അടി മാത്രം ഉയരമുള്ള ഇസ്മായിലിനെ നാട്ടുകാർ സ്നേഹത്തോടെ ‘കുഞ്ഞി ഇസ്മായിൽ’ എന്നാണ് വിളിച്ചിരുന്നത്. അത്ഭുതദ്വീപ് ഉൾപ്പെടെ മൂന്ന് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന അദ്ദേഹം വയനാട്ടിൽ വെച്ച് രാഹുൽ ഗാന്ധിയിൽ നിന്ന് ഷാൾ ലഭിച്ചതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. വാടകമുറിയിൽ താമസിച്ചിരുന്ന ഇസ്മായിൽ സ്വന്തമായി വീട് നിർമിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടപറഞ്ഞത്. പരേതരായ അബ്ദുറഹ്മാൻ – ആയിഷ ദമ്പതികളുടെ മകനാണ്. പരേതനായ അബ്ബാസാണ് സഹോദരൻ. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്.
എല്ലാവർക്കും പ്രിയങ്കരനായ സജീഷ്
ശാന്ത സ്വഭാവക്കാരനായിരുന്ന സജീഷ് വാഹന ഉടമകൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ്, ആരോമൽ. സഹോദരങ്ങൾ: ലിനീഷ് കുമാർ, ലെനിത.
സംസ്കാരം ഇന്ന്
സജീഷിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും. ഇസ്മയിലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണവം വെളുമ്പത്ത് മഖാമിലും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

