തിരുവനന്തപുരം: ജൂൺ 15 മുതൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര നടപ്പാക്കുന്നത് സ്വകാര്യ ബസ് വ്യവസായം തകരുന്നതിന് കാരണമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചുനിൽക്കണമെങ്കിൽ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ അറിയിക്കുന്നതിനായി നാളെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കാണുമെന്നും സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ടി. ഗോപിനാഥൻ വ്യക്തമാക്കി.
ആദ്യ കാബിനറ്റിലെ മറ്റ് സുപ്രധാന തീരുമാനങ്ങളും നിയമനങ്ങളും
തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാനാണ് ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് പുറമെ, വയോജനങ്ങൾക്കായി രാജ്യത്താദ്യമായി പ്രത്യേക വകുപ്പും രൂപീകരിക്കും. ആശാ വർക്കർമാരുടെ ഓണറേറിയം 3000 രൂപയായും, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി (എ.ജി) ജൈജു ബാബുവിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി (ഡി.ജി.പി) ടി. അസഫലിയെയും നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

