കാട്ടാമ്പള്ളി: കാരുണ്യപ്രവർത്തനങ്ങളുടെയും സേവനത്തിന്റെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ കാട്ടാമ്പള്ളി റിലീഫ് സെല്ലിന്റെ (KRC) പത്താം വാർഷിക ആഘോഷവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാട്ടാമ്പള്ളി എസ്. കെ കോംപ്ലക്സിൽ പ്രൗഢഗംഭീരമായി നടന്ന പരിപാടി ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലേൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പുരോഗതിക്ക് ഇത്തരം റിലീഫ് സെല്ലുകളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പദ്ധതികളുടെ പ്രഖ്യാപനം
ചടങ്ങിൽ വിദ്യാർത്ഥികൾക്കായുള്ള പുതിയ ‘വിദ്യാഭ്യാസ പദ്ധതി’ കെ. വി സുമേഷ് എം.എൽ.എ പ്രഖ്യാപിച്ചു. നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന ‘സൗജന്യ മരുന്ന് സഹായ പദ്ധതി’യുടെ പ്രഖ്യാപനം എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്തും നിർവ്വഹിച്ചു. കാട്ടാമ്പള്ളി റിലീഫ് സെൽ പ്രഖ്യാപിച്ച പുതിയ രണ്ടു പദ്ധതികളും ഏറെ പ്രശംസനീയവും കാലഘട്ടത്തിന് അനിവാര്യവുമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
പ്രമുഖ പ്രഭാഷകൻ ജാബിർ ബാഖവി ചഴലി (ഖത്തീബ്, കൊല്ലറത്തിക്കൽ ജുമാ മസ്ജിദ്) മുഖ്യപ്രഭാഷണം നടത്തി. കാട്ടാമ്പള്ളി റിലീഫ് സെൽ പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാഹുൽ ഹമീദ് കാട്ടാമ്പള്ളി സ്വാഗതം ആശംസിച്ചു.
പ്രദേശത്തെ മദ്രസകളിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവുകളും കാട്ടാമ്പള്ളി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മുനീർ മാസ്റ്റർ (സെക്രട്ടറി, സലഫി മസ്ജിദ് കാട്ടാമ്പള്ളി), അർഷാദ് അൽ ഖാസിമി (ഇമാം, അൻസാർ മസ്ജിദ് കാട്ടാമ്പള്ളി), സമീർ അഷ്റഫി (ചെയർമാൻ, സി. എം സെന്റർ കാട്ടാമ്പള്ളി) തുടങ്ങിയ പ്രമുഖർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ. വി റിഷാദ് നന്ദി രേഖപ്പെടുത്തി. പത്ത് വർഷത്തെ കാരുണ്യയാത്രയിൽ കൂടെനിന്ന ഏവർക്കും കാട്ടാമ്പള്ളി റിലീഫ് സെൽ കമ്മിറ്റി നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

