തിരുവനന്തപുരം / അഞ്ചരക്കണ്ടി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പുലർച്ചെയോടെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ച മൃതദേഹം കണ്ട് മാതാപിതാക്കള്‍ അലമുറയിട്ട് തളര്‍ന്നുവീണു. ‘എന്റെ കൊച്ചിനെ കൊന്നതാ’ എന്ന് പറഞ്ഞായിരുന്നു മാതാപിതാക്കളുടെ വിലാപം. നിതിന്റെ സംസ്കാരം ഇന്ന് നടക്കും.
കോളജിലെ അധ്യാപകർ നിതിനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ നിരന്തരം അധിക്ഷേപിച്ചിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്പെൻഡ് ചെയ്തു. ഇവരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഒപ്പം സഹപാഠികളായ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
നിതിൻ രാജിന് പുറത്ത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതാണ് മരണകാരണമെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വാദം ചക്കരക്കൽ പോലീസ് പൂർണ്ണമായും തള്ളി. സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ കുറിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിതിന്റെ ജന്മനാട്ടിലും പ്രതിഷേധത്തിന് സാധ്യതയുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ നിതിൻ മുകളിലത്തെ നിലയിലേക്കു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറി പൊലീസ് പൂട്ടി സീൽ ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

