കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ജില്ലയിൽ പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായതും, ഓപ്പൺ വോട്ടുകളെ ചൊല്ലിയുണ്ടായ തർക്കങ്ങളും വോട്ടർമാരെ വലച്ചു. കനത്ത ചൂടിനെ മറികടക്കാൻ അതിരാവിലെ തന്നെ ബൂത്തുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.
വലച്ച് യന്ത്രത്തകരാറും കനത്ത ചൂടും
ഏഴുമണിക്ക് വോട്ടിംഗ് തുടങ്ങേണ്ട ബൂത്തുകളിൽ രാവിലെ ആറുമണിക്ക് തന്നെ വോട്ടർമാർ എത്തിയിരുന്നു. എന്നാൽ വോട്ടിംഗ് മെഷീൻ തകരാറിലായത് പലയിടത്തും പോളിംഗ് വൈകാൻ കാരണമായി. കണ്ണൂർ ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിലെ ബൂത്ത് 55-ൽ യന്ത്രത്തകരാർ മൂലം ഒന്നര മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. മുഖ്യമന്ത്രി വോട്ട് ചെയ്ത പിണറായി ആർ.സി അമല ബി.യു.പി സ്കൂളിലെ 193-ാം ബൂത്തിലും, പേരാവൂർ ഗവ.യു.പി സ്കൂളിലെ 60-ാം നമ്പർ ബൂത്തിലും, പയ്യന്നൂർ പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂളിലെ 115, 117 ബൂത്തുകളിലും, ചിറക്കൽ രാജാസ് യു.പി സ്കൂളിലെ ഒരു ബൂത്തിലും യന്ത്രം പണിമുടക്കി. ഇവിടങ്ങളിലെല്ലാം ഒരു മണിക്കൂറോളം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പേരാവൂർ കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിലെ 127-ാം നമ്പർ മോഡൽ ബൂത്തിൽ വി.വി പാറ്റ് (VVPAT) തകരാറിലായതിനാൽ രാവിലെ എട്ടരയോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. വോട്ടിംഗ് മെഷീനിലെ പ്രശ്നങ്ങൾ കാരണം ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിലെ 41-ാം ബൂത്തിൽ പോളിംഗ് ഇഴഞ്ഞുനീങ്ങി. ഇവിടെ ഉച്ചയ്ക്ക് ഒരുമണിയായപ്പോഴും ആയിരത്തോളം വോട്ടർമാരിൽ 312 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വെയിലത്ത് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നതോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വോട്ടർമാർ പ്രതിഷേധിക്കുകയും ചെയ്തു.
ഓപ്പൺ വോട്ടുകളിൽ തർക്കം
85 വയസിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിൽ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വീട്ടിൽ വോട്ടുചെയ്യാനുള്ള (ഹോം വോട്ട്) സൗകര്യം ഏർപ്പെടുത്തിയിട്ടും ബൂത്തുകളിൽ ഓപ്പൺ വോട്ടുകൾ കുറയാത്തത് പലയിടത്തും തർക്കങ്ങൾക്ക് വഴിവെച്ചു. ശാരീരിക അവശതകളോ വൈകല്യങ്ങളോ ഇല്ലാത്ത 60 വയസ്സിന് മുകളിലുള്ള പലരും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനായി ഓപ്പൺ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തിയതാണ് ക്യൂ നിന്ന വോട്ടർമാരെ പ്രകോപ്പിച്ചത്. പ്രിസൈഡിംഗ് ഓഫീസർമാർ ഇതിന് കൂട്ടുനിന്നുവെന്നും പരാതി ഉയർന്നു. ഒടുവിൽ ക്യൂ നിൽക്കുന്നവരിൽ നിന്ന് അഞ്ചുപേർ വോട്ട് ചെയ്തതിന് ശേഷം മാത്രം ഒരു ഓപ്പൺ വോട്ട് അനുവദിക്കാം എന്ന ക്രമീകരണത്തിലാണ് പലയിടത്തും പ്രശ്നം പരിഹരിച്ചത്.
ജില്ലയിൽ 18,756 പേരാണ് ഇത്തവണ ഹോം വോട്ട് ചെയ്തത്. 41,723 പേർ അപേക്ഷ നൽകിയതിൽ 20,931 പേർക്കായിരുന്നു ഫോം അനുവദിച്ചിരുന്നത് (ഇതിൽ 6,897 പേർ ഭിന്നശേഷിക്കാരും 14,034 പേർ 85 വയസിന് മുകളിലുള്ളവരുമാണ്).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

