കൊട്ടിക്കലാശത്തിന്റെ ആവേശമടങ്ങി; ഇന്ന് നിശബ്ദ പ്രചാരണം; കനത്ത സുരക്ഷയിൽ നാളെ വിധിയെഴുത്ത്

Kannadiparamba online news
Screenshot

Kannadiparamba online ✍️

കണ്ണൂർ: ആവേശം വാനോളമുയർത്തിയ കൊട്ടിക്കലാശങ്ങൾക്കും പരസ്യപ്രചാരണങ്ങൾക്കും ഒടുവിൽ തിരഞ്ഞെടുപ്പ് ഗോദയിൽ ഇന്ന് നിശബ്ദ പ്രചാരണം. വിട്ടുപോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥികൾ. 21,76,984 വോട്ടർമാരാണ് നാളെ (വ്യാഴാഴ്ച) കണ്ണൂരിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമണി മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.

കർശന നിരോധനാജ്ഞ; ജില്ലയിൽ വൻ സുരക്ഷ

അക്രമ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ കർശന നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച അർദ്ധരാത്രി വരെ ആളുകൾ കൂട്ടംകൂടാനോ യോഗങ്ങൾ ചേരാനോ പാടില്ല. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കേന്ദ്രസേന ഉൾപ്പെടെ 6000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയിൽ നാളെ വൈകുന്നേരം വരെ സമ്പൂർണ്ണ മദ്യനിരോധനവുമുണ്ട്.

കൊട്ടിക്കലാശത്തിലെ ശക്തിപ്രകടനം

അഴീക്കോട് മണ്ഡലത്തിൽ ചരിത്രവിജയം ഉറപ്പിച്ചുള്ള ആത്മവിശ്വാസത്തിലായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ നേതൃത്വത്തിൽ പുതിയതെരുവിൽ നടന്ന റോഡ് ഷോയിൽ വൻ ജനസാഗരമാണ് അണിനിരന്നത്. മറുഭാഗത്ത്, നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ നിന്നാരംഭിച്ച് വൻകുളത്തുവയലിൽ സമാപിച്ച റാലിയും ആവേശക്കടലായി മാറി. കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ റാലിയിൽ ഡി.ജെയുടെ അകമ്പടിയോടെ യുവതലമുറ അണിനിരന്നത് വേറിട്ട കാഴ്ചയായി.

ആവേശത്തിനിടെ കല്ലുകടിയായി സംഘർഷം

കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടെ അഴീക്കോട് മൂന്നുനിരത്തിലുണ്ടായ സംഘർഷം കല്ലുകടിയായി. മൂന്നുനിരത്തിൽ വെച്ച് പരസ്പരം ആക്രമിക്കപ്പെട്ടതായി സി.പി.എമ്മും യു.ഡി.എഫും ആരോപിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ തങ്ങളുടെ നാല് പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റെന്നും, യു.ഡി.എഫുകാർ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ സംഘടിച്ചെത്തിയതാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. എന്നാൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന തങ്ങളുടെ പ്രവർത്തകരെ സി.പി.എം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും മൂന്ന് പേർക്ക് പരിക്കേറ്റതായും യു.ഡി.എഫും പരാതിപ്പെട്ടു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വാക്പോരുകളും പുതിയ പിന്തുണയും

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ വാക്പോരുകളും ശക്തമായി. യു.ഡി.എഫ് വേദിയിൽ വെച്ച് ‘പോ മോനെ ദിനേശാ’ എന്ന് പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക്, ‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത് വലിയ രാഷ്ട്രീയ ചർച്ചയായി. അതിനിടെ, വയോജന ക്ഷേമ പെൻഷൻ അവകാശമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതിനാൽ കണ്ണൂരിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി) സംയുക്ത മുന്നണി ഭാരവാഹികൾ പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പ് ഗോദയിലെ ശ്രദ്ധേയമായ നീക്കമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!