പാപ്പിനിശ്ശേരി: ഇതിനോടകം മൂന്ന് റൗണ്ട് പഞ്ചായത്ത്-മേഖലാ തല പര്യടനം പൂർത്തിയാക്കിയ അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി ഇന്നലെ പാപ്പിനിശ്ശേരിയിലെ വിവിധ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചു. ഈസ്റ്റർ ആഘോഷങ്ങളുടെയും ക്ഷേത്രോത്സവത്തിന്റെയും നിറവിൽ നിൽക്കുന്ന വിശ്വാസികൾക്കൊപ്പമാണ് അദ്ദേഹം സമയം ചിലവഴിച്ചത്.
പാപ്പിനിശ്ശേരി സെൻ്റിനറി മെമ്മോറിയൽ സി.എസ്.ഐ (CSI) ചർച്ച് സന്ദർശിച്ച അദ്ദേഹം റവ. ഷിജു വർക്കി ജോണുമായി സംസാരിച്ചു. ഈസ്റ്റർ ആഘോഷത്തിൻ്റെ ഭാഗമായുള്ള പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളുമായി കുശലം പറഞ്ഞും വോട്ടഭ്യർത്ഥിച്ചുമായിരുന്നു പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജോസഫ് എസ്. ഡാനിയൽ, ഷീബ ജോയ് പി., പി. ചന്ദ്രൻ, ജാഫർ മാങ്കടവ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി. തുടർന്ന് അമലോത്ഭവ മാതാ ദേവാലയത്തിലും അദ്ദേഹം സന്ദർശനം നടത്തി.
പിന്നീട് ഉത്സവം നടക്കുന്ന പാപ്പിനിശ്ശേരി തുരുത്തി പുതിയിൽ ഭഗവതി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥി വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ചും ക്ഷേമാന്വേഷണങ്ങളാരാഞ്ഞും അല്‍പസമയം ചിലവഴിച്ചു. വാർഡ് മെമ്പർ സി.എച്ച്. സലാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തുടർന്ന് പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ സ്ഥാപനങ്ങളിലും കരീം ചേലേരി സന്ദർശനം നടത്തി. കാമ്പസിൽ സ്ഥിതിചെയ്യുന്ന ആർട്സ് കോളേജ്, ശരീഅത്ത് കോളേജ്, ഹിഫ്ള് കോളേജ്, ജൂനിയർ കോളേജ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലായി മുന്നൂറോളം കുട്ടികൾക്ക് മത-ഭൌതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണിത്. സെക്രട്ടറി കെ.കെ. അബ്ദുൽ ബാഖി, സമസ്ത കേന്ദ്ര മുശാവറ അംഗം കെ. മുഹമ്മദ് ശരീഫ് ബാഖവി, വൈസ് പ്രിൻസിപ്പാൾ പി. യൂസഫ് ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ കെ. അബൂബക്കർ ബാഖവി, പി.പി. യൂസഫ് ബാഖവി, കോളേജ് കമ്മിറ്റി അംഗങ്ങളായ സി.പി. റഷീദ്, ഷഹീർ പാപ്പിനിശ്ശേരി, മനാഫ് അസ്ഹദി എന്നിവർ ചേർന്ന് കരീം ചേലേരിയെ കാമ്പസിൽ സ്വീകരിച്ചു. വിദ്യാർത്ഥികളുമായി വിശേഷങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം മടങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

