അനീസ് കണ്ണാടിപറമ്പ ✍️✍️
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പിൽ നിന്നും വിരണ്ടോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ 4:30-ഓടെ പാപ്പാൻമാരുടെ നേതൃത്വത്തിൽ സുരക്ഷിതമായി തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് അതിസാഹസികവും ശ്രമകരവുമായ ദൗത്യത്തിനൊടുവിൽ ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ നാടിന്റെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.
കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും തകർത്തിരുന്നു. തുടർന്ന് കണ്ണാടിപ്പറമ്പ് – സ്റ്റെപ്പ് റോഡ് വഴി ആലങ്കീലിലാണ് ആന നിലയുറപ്പിച്ചത്. ഇവിടെ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ ശ്രമിച്ചെങ്കിലും ആന മരം വലിച്ചു പൊട്ടിച്ചു. എന്നാൽ, പൊട്ടിയ മരം ആനയുടെ കാലിൽ കുരുങ്ങിയതിനാൽ അതിന് കൂടുതൽ ദൂരേക്ക് ഓടാൻ സാധിച്ചില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.
ആന വിരണ്ടോടിയ വിവരമറിഞ്ഞ് പാതിരാത്രിയിലും നിരവധി ആളുകളാണ് ഈ പ്രദേശങ്ങളിൽ തടിച്ചുകൂടിയത്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസുകാർ ഏറെ പണിപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും കോഴിക്കോട് നിന്നുള്ള പ്രത്യേക എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നെങ്കിലും പാപ്പാൻമാരുടെ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. ദൗത്യം വിജയകരമായി പൂർത്തിയായതോടെ പ്രദേശവാസികൾക്കും അധികൃതർക്കും വലിയ ആശ്വാസമായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇതുവഴി നിരോധിച്ചിരുന്ന വാഹന ഗതാഗതം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
കണ്ണാടിപറമ്പ ഓൺലൈൻ ✍️✍️
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

