മയ്യിൽ: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് കോൺഗ്രസ് – സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ 13 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാർച്ച് 29 ഞായറാഴ്ച രാത്രി മലപ്പട്ടം സെന്ററിലായിരുന്നു സംഭവം.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നമ്പ്രം ഇരുവാപ്പുഴയിലെ കെ.പി. അനസിന്റെ (32) പരാതിയിൽ സി.പി.എം പ്രവർത്തകരായ ഷിനോജ് ആദർശ്, അജിനാസ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാത്രി 9 മണിയോടെ ഒന്നാം പ്രതിയും മറ്റു പ്രതികളും ചേർന്ന് തന്നെ മർദ്ദിക്കുകയും, അസഭ്യം പറയുകയും, കല്ലുകൊണ്ട് ഇടത് വാരിയെല്ലിന് കുത്തുകയും ചെയ്തുവെന്നാണ് അനസിന്റെ പരാതി. ഇത് തടയാൻ ചെന്ന സുഹൃത്ത് അബ്ദുൾ റസാഖിനെ ഒന്നാം പ്രതി മുഖത്തടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. സാരമായി പരിക്കേറ്റ അനസ് തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സി.പി.എം പ്രവർത്തകനായ ചൂളിയാട് സ്വദേശി ഒ. ഷിനോജിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകരായ അനസ് നമ്പ്രം, അബ്ദുൾ റസാഖ് ആടിച്ചേരി, ജാഫർ കാവുന്തല എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ഏഴു പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രി 9.30-ന് ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ തന്നെ പ്രതികൾ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഷിനോജിന്റെ പരാതി. ഇരു കേസുകളിലും മയ്യിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

