കല്യാശ്ശേരി: അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചതിന് ധർമ്മശാലയിൽ പ്രവർത്തിക്കുന്ന കെ.ടി.ഡി.സി ഫോക്ക് ലാൻഡ് പറശ്ശിനിക്കടവിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 10,000 രൂപ പിഴ ചുമത്തി. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സ്ഥാപനത്തിന്റെ ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി പരിശോധനയിൽ വ്യക്തമായി. കോഴി മാലിന്യം ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇൻസിനറേറ്ററിൽ തള്ളിയത്. ഇതിനുപുറമെ, സ്ഥാപനത്തിന്റെ പുറകുവശത്ത് വലിയ തോതിൽ മദ്യക്കുപ്പികൾ, ടിഷ്യൂ പേപ്പറുകൾ, കാർട്ടൂൺ ബോക്സുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുണികൾ എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങൾ കാലങ്ങളായി തള്ളിവരുന്നതായും കണ്ടെത്തി.
ബിയർ പാർലറിന് സമീപം ഉപയോഗശൂന്യമായ മെത്തകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ച നിലയിലായിരുന്നു. ബിയർ പാർലറിലെ വാഷ് ബേസിനിൽ നിന്നുള്ള മലിനജലം പൈപ്പ് വഴി തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായും സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തുകയും, തുടർനടപടികൾ സ്വീകരിക്കാൻ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. ഷാജി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

