കണ്ണൂർ: ജനങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ് തനിക്ക് ഓടാനും ചാടാനുമുള്ള യുവത്വം കൈവരുന്നതെന്ന് കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി. ജനങ്ങളാണ് തന്റെ ശക്തിയും ഊർജവുമെന്നും അദ്ദേഹം പറയുന്നു. നാടിന്റെ ഏത് വിശേഷങ്ങൾക്കും, അത് വിവാഹമായാലും മരണമായാലും സമയഭേദമന്യേ ഓടിയെത്തുന്ന ജനകീയ നേതാവ് കൂടിയാണ് അദ്ദേഹം.
ചിട്ടയായ ദിനചര്യകൾ
എത്ര വൈകി കിടന്നാലും രാവിലെ ആറുമണിയോടെ എഴുന്നേൽക്കുന്നതാണ് കടന്നപ്പള്ളിയുടെ ശീലം. ഉണർന്നയുടൻ ഒരു ലിറ്ററോളം വെള്ളം കുടിക്കും. തുടർന്ന് പത്രവായന കഴിഞ്ഞ് ഔദ്യോഗിക കാര്യങ്ങളിലേക്ക് കടക്കും. ലഘുവായ പ്രഭാതഭക്ഷണത്തിന് ശേഷം അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായി.
ഓഫീസിലെത്താൻ നിർബന്ധിക്കില്ല
ആവശ്യങ്ങളുമായി വരുന്നവരെ കാണാൻ ഓഫീസിൽ വരണമെന്ന് അദ്ദേഹം നിർബന്ധിക്കാറില്ല. എവിടെ വെച്ച് കണ്ടാലും പരാതികൾ കേൾക്കാനും, തൽസമയം പരിഹരിക്കാവുന്ന വിഷയങ്ങളാണെങ്കിൽ ഉടൻ നടപടി സ്വീകരിക്കാനും അദ്ദേഹം തയ്യാറാകാറുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമ്പോൾ അവർക്ക് ലഭിക്കുന്ന ആശ്വാസമാണ് തന്റെ വലിയ സന്തോഷമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ ചെറുതും വലുതുമായ വികസന പദ്ധതികൾക്ക് പിന്നിലും ഈ ജനകീയ ഇടപെടലുകളുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്
കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നേരിയ ക്ഷീണമനുഭവപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “അല്പം ഷുഗർ താഴ്ന്നതാണ്, അഞ്ച് മിനിറ്റ് കൊണ്ട് അത് ശരിയായി. പിന്നീട് ഒരു ആൻജിയോപ്ലാസ്റ്റി വേണ്ടി വന്നു. ചെറുപ്പക്കാർക്ക് പോലും ഇപ്പോൾ ഇത്തരം പ്രശ്നങ്ങളില്ലേ?” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു.
തോട്ടട ജവഹർ ഹൗസിങ് കോളനിയിലെ ‘മാണിക്യം’ വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. സരസ്വതിയാണ് ഭാര്യ. പ്രശസ്ത സംഗീത ബാൻഡായ ‘അവിയലി’ലെ ഡ്രമ്മറായ മിഥുനാണ് ഏക മകൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

