പശ്ചിമേഷ്യൻ സംഘർഷം: കണ്ണൂരിൽ അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസം

Kannadiparamba online news
Screenshot

മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള (KIAL) അന്താരാഷ്ട്ര സർവീസുകൾ നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 28 മുതലാണ് ഇവിടെ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത്.

തുടക്കത്തിൽ മസ്‌കറ്റിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരാഴ്ച മുൻപ് ഈ സർവീസും നിർത്തിവെച്ചു. നിലവിൽ ആഭ്യന്തര സർവീസുകൾ മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചതോടെ കിയാലിന് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് ഫീസുകൾ, യൂസർ ഫീ തുടങ്ങിയ ഇനങ്ങളിലായി പ്രതിദിനം അരക്കോടി രൂപയോളമാണ് കിയാലിന്റെ നഷ്ടം.

ഇതിനിടെ ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘർഷം കനത്തതോടെ ഇവയും ഒഴിവാക്കി. ഷാർജയിലേക്ക് രണ്ടുദിവസത്തെ സർവീസ് മാത്രമാണ് നടത്തിയത്. മാർച്ച് 29-ന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാല ഷെഡ്യൂളിൽ പിൻവലിച്ചിരുന്ന കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും യുദ്ധം അവസാനിച്ച ശേഷം മാത്രമേ ഇവയുടെ സർവീസ് ആരംഭിക്കുകയുള്ളൂ. അതേസമയം, ആഭ്യന്തര റൂട്ടിൽ നവിമുംബൈയിലേക്ക് ഇൻഡിഗോ മാർച്ച് 30 മുതൽ പുതിയ സർവീസ് തുടങ്ങും.

സർവീസുകൾ മുടങ്ങിയതോടെ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലും വൻ കുറവാണ് രേഖപ്പെടുത്തുന്നത്. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഫെബ്രുവരിയിൽ 99,634 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. മുമ്പ് അന്താരാഷ്ട്ര യാത്രക്കാർ മാത്രം ഒരു ലക്ഷത്തിന് മുകളിലുണ്ടായിരുന്ന സ്ഥാനത്താണിത്. അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായി നിലച്ചതിനാൽ മാർച്ചിലെ കണക്കുകളിൽ യാത്രക്കാരുടെ എണ്ണം ഇനിയും കുത്തനെ കുറയാനാണ് സാധ്യത.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!