തളിപ്പറമ്പ്: സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ തളിപ്പറമ്പ് മണ്ഡലത്തിൽ ഇരുമുന്നണികൾക്കും വെല്ലുവിളിയായി വേറിട്ടൊരു സ്ഥാനാർത്ഥി. കാലങ്ങളായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷി വിഭാഗത്തെ പ്രതിനിധീകരിച്ച് നാറാത്ത് സ്വദേശിയായ കെ.പി അബ്ദുൽ സലാമാണ് മത്സര രംഗത്തുള്ളത്. ശാരീരിക വൈകല്യങ്ങൾ വകവയ്ക്കാതെ, മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് അദ്ദേഹം വോട്ടർമാരെ നേരിൽ കാണുന്നത്.
തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി വിഭാഗത്തിന് സംവരണം അനുവദിക്കുക, രാഷ്ട്രീയ പാർട്ടികളും മുന്നണികളും അർഹമായ പരിഗണന നൽകുക, ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് അബ്ദുൽ സലാം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. തങ്ങൾക്കായി തിരഞ്ഞെടുപ്പുകളിൽ ഒരു വാഗ്ദാനം പോലും രാഷ്ട്രീയ പാർട്ടികൾ നൽകാറില്ലെന്ന് അദ്ദേഹം പരിതപിക്കുന്നു.
കോൺഗ്രസ് വാക്കുപാലിച്ചില്ലെന്ന് വിമർശനം
അടിയുറച്ച കോൺഗ്രസുകാരനായ തനിക്ക് പാർട്ടിയിൽ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് അബ്ദുൽ സലാം ആരോപിക്കുന്നു. ആറ് മാസം മുൻപ് തിരുവനന്തപുരത്ത് നടന്ന ഡിഫറന്റ് ഏബിൾഡ് പീപ്പിൾ കോൺഗ്രസിന്റെ ധർണയിൽ 14 മണിക്കൂർ യാത്ര ചെയ്ത് താൻ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. തളിപ്പറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ, കൂടുമാറിയെത്തിയ ആൾക്ക് പിന്തുണ നൽകിയ കോൺഗ്രസ് നിലപാടാണ് തന്നെ മത്സരരംഗത്തേക്ക് ഇറക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അത്തർ വിൽപ്പന മുതൽ ‘അത്ഭുതദ്വീപ്’ വരെ
അത്തർ വിറ്റാണ് അബ്ദുൽ സലാം ഉപജീവനം കണ്ടെത്തുന്നത്. അഭിനയത്തിലും ചിത്രരചനയിലും താല്പര്യമുള്ള ഇദ്ദേഹം വിനയൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘അത്ഭുതദ്വീപി’ൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഗ്രാമവാസികളുടെ രാജാവായി മികച്ച പ്രകടനം കാഴ്ചവെച്ച സലാമിനെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തിയിരുന്നു.
തളിപ്പറമ്പിലെ വോട്ടർമാരിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്നും, ഇത്തവണ വിജയിച്ച് നിയമസഭയിൽ എത്തുമെന്നും അബ്ദുൽ സലാം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

