പഴയങ്ങാടി: രക്തസാക്ഷികളെ കിട്ടിയാൽ സിപിഎമ്മിന് ലോട്ടറി അടിച്ചതുപോലെയാണെന്നും, അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് കൊള്ളയെന്നും ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് വിമർശിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. രാജീവൻ കപ്പച്ചേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലെന്നും, അതൊരു കോർപ്പറേറ്റ് പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം ആരോപിച്ചു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഒന്നടങ്കം കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്ന സിപിഎമ്മിനെ തിരുത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിൻ്റെ അത്യുജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും കല്യാശ്ശേരിയിലെ ആവേശോജ്ജ്വലമായ ഈ കൺവെൻഷൻ അതിൻ്റെ ഉദാഹരണമാണെന്നും മാർട്ടിൻ ജോർജ്ജ് കൂട്ടിച്ചേർത്തു.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എസ്.കെ.പി. സക്കറിയ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗവും നിയോജക മണ്ഡലം ഒബ്സർവ്വറുമായ വേണുഗോപാൽ റാവു ഹർക്കാർ മുഖ്യാതിഥിയായി പങ്കെടുത്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ.ജി. സുനിൽ പ്രകാശ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാർ, യൂത്ത് ലീഗ്, ഐ.യു.എം.എൽ, സി.എം.പി നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ യോഗത്തിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

