കണ്ണൂർ: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിൽ അപ്രതീക്ഷിത പൊട്ടിത്തെറി. ഇടത് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട പി.കെ. ശ്യാമളക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും, സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.
നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം:
പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സീനിയോറിറ്റി അടക്കമുള്ള ഘടകങ്ങൾ പൂർണ്ണമായും അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.കെ. ഗോവിന്ദൻ പാർട്ടിക്കെതിരെ രംഗത്തുവന്നത്. അറുപത് വർഷത്തോളമായി പാർട്ടിയിലുള്ള തന്നോട് കാട്ടിയത് ധാർമികതയ്ക്ക് നിരക്കാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
“സംഘടനാരീതിക്ക് ചേരാത്ത നടപടിയാണ് തളിപ്പറമ്പിലുണ്ടായത്. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനമുയരുകയും, വിഷയം സംസ്ഥാന സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പോയാൽ പാർട്ടി നശിക്കും. അഴിമതിക്കാരെ പാർട്ടി സംരക്ഷിക്കുകയാണ്.” ടി.കെ. ഗോവിന്ദൻ ആരോപിച്ചു. യു.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും, എന്നാൽ ബി.ജെ.പി അടക്കമുള്ള വർഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വത്തിന് കടുത്ത തലവേദന:
എം.വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ. ശ്യാമളയെ പകരക്കാരിയാക്കിയതിൽ പാർട്ടി അണികൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നുണ്ട്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ശ്യാമളയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ നടന്ന എൽ.ഡി.എഫ് മണ്ഡലം യോഗത്തിൽ നിന്നും വിട്ടുനിന്ന മുതിർന്ന നേതാവായ ടി.കെ. ഗോവിന്ദൻ പരസ്യമായി പാർട്ടി വിട്ടത്. ശ്യാമള മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ വിമതനീക്കം സി.പി.എം നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

