10 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം; ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് മധ്യപ്രദേശിൽ നിന്നും പിടികൂടി

Anees kannadiparamba

പ്രതികൾ

കണ്ണൂർ: ഇരിക്കൂറിൽ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവുമായി കടന്നുകളഞ്ഞ കേസിലെ പ്രതികളെ പത്ത് വർഷത്തിനു ശേഷം സംസ്ഥാന ക്രൈംബ്രാഞ്ച് പിടികൂടി. ന്യൂഡൽഹി നാങ്‌ലോയി സ്വദേശികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വെച്ച് അറസ്റ്റിലായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കുടുക്കിയത്.

കൊലപാതകം നടന്നത് ഇങ്ങനെ:

2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ കുഞ്ഞാമിന (60) ദാരുണമായി കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞാമിനയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികൾ. സൗമ്യ രംഗാവാല, ഫരീദ, സുധ, സമീറ, സിമ്രാൻ തുടങ്ങിയ വ്യാജ പേരുകളിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ, വീട്ടിൽ മറ്റാരുമില്ലാതിരുന്ന ദിവസം രാവിലെ അവരെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി കൊലപ്പെടുത്തിയ ശേഷം, രണ്ടര പവന്റെ സ്വർണ്ണമാലയും വളയും പണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു.

10 വർഷത്തെ ഒളിവ് ജീവിതം:

ആന്ധ്രാപ്രദേശിലെ ഓംഗോൾ സ്റ്റേഷനിൽ സമാനമായ കേസിൽ പ്രതികളായ ഇവർ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങിയാണ് കേരളത്തിലെത്തിയത്. വ്യാജ രേഖകൾ നൽകി ക്വാർട്ടേഴ്‌സ് എടുത്തും, കർണ്ണാടക സ്വദേശിയെ കബളിപ്പിച്ച് സിം കാർഡ് സംഘടിപ്പിച്ചുമാണ് ഇവർ കഴിഞ്ഞിരുന്നത്. മലയാളം ഉൾപ്പെടെ 7 ഭാഷകൾ സംസാരിക്കാനറിയാവുന്ന പ്രതികൾ, കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത്‌, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചാണ് പത്ത് വർഷം പോലീസിനെ വെട്ടിച്ചത്.

2016-ൽ ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്, 2024-ലാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി സുധീർ കല്ലൻ, എസ്.ഐമാരായ എ.ജി. അബ്ദുൾ റൗഫ്, ഗിരീഷ് കുമാർ, സുധീഷ്, എ.എസ്.ഐ. മഞ്ജുള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ പ്രതികൾക്കൊപ്പം താമസിച്ച മൂന്നാമതൊരാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!