ലോകകപ്പ് ഫൈനലിൽ റൺമഴ പെയ്യിച്ച് ഇന്ത്യ; സഞ്ജുവിനും സംഘത്തിനും കൂറ്റൻ സ്കോർ, ന്യൂസിലൻഡിന് മുന്നിൽ 256 റൺസ് വിജയലക്ഷ്യം

Anees kannadiparamba

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിരീടമുയർത്താൻ ന്യൂസിലൻഡിന് വേണ്ടത് 256 റൺസ്.

സഞ്ജു സാംസണിന്റെയും (89) അഭിഷേക് ശർമയുടെയും (52) ഇഷാൻ കിഷന്റെയും (54) വെടിക്കെട്ട് അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഈ കൂറ്റൻ സ്കോർ സമ്മാനിച്ചത്. 46 പന്തിൽ 8 പടുകൂറ്റൻ സിക്സറുകളും 5 ഫോറുകളുമടക്കമാണ് സഞ്ജു 89 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 193.48. വെറും 21 പന്തിൽ 52 റൺസെടുത്ത അഭിഷേക് ശർമയും 25 പന്തിൽ 54 റൺസെടുത്ത ഇഷാൻ കിഷനും കിവീസ് ബൗളർമാരെ അക്ഷരാർത്ഥത്തിൽ പഞ്ഞിക്കിട്ടു.

അവസാന ഓവറുകളിൽ ക്രീസിലെത്തിയ ശിവം ദുബെ 8 പന്തിൽ 2 സിക്സും 3 ഫോറുമടക്കം 26 റൺസെടുത്ത് പുറത്താകാതെ നിന്നതാണ് സ്കോർ 250 കടത്തിയത്. 6 പന്തിൽ 8 റൺസുമായി തിലക് വർമ്മയും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (0), ഹാർദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റുകൾ നേടി.

നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ഇറങ്ങിയിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!