വളപട്ടണം: മുസ്ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വളപട്ടണത്ത് ചേർന്ന മണ്ഡലം കൗൺസിൽ യോഗം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു. ‘അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ എന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന മെമ്പർഷിപ്പ് അടിസ്ഥാനത്തിലാണ് 2025-28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
അഷ്കർ കണ്ണാടിപ്പറമ്പ് (പ്രസിഡന്റ്), നസീർ അത്താഴക്കുന്ന് (ജനറൽ സെക്രട്ടറി), അസ്നാഫ് കാട്ടാമ്പള്ളി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാരായി മിദ്ലാജ് വളപട്ടണം, മുഹമ്മദലി ആറാംപീടിക, അഡ്വ. മുഹമ്മദ് ഫൗസ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അഷ്കർ പഴഞ്ചിറ, സാജിദ് ബി.കെ, മിസ്ബാഹ് അഴിക്കോട് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റും സെക്രട്ടറിയും മുൻപ് എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയിൽ ഒരുമിച്ച് നേതൃത്വം നൽകിയവരായിരുന്നു. അഷ്കർ കണ്ണാടിപ്പറമ്പ് നിലവിൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും യു.ഡി.എഫ് നാറാത്ത് പഞ്ചായത്ത് ചെയർമാനുമാണ്. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് ഇദ്ദേഹം. നസീർ അത്താഴക്കുന്ന് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, പുഴാതി മേഖല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ അസ്നാഫ് കാട്ടാമ്പള്ളി മുൻ പഞ്ചായത്ത് മെമ്പറും നിലവിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയുമാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി. യോഗത്തിൽ കെ.കെ. ഷിനാജ്, സി. പി റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

