അനീസ് കണ്ണാടിപറമ്പ് ✍️
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകവെ, മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള വർഗീയ പരാമർശങ്ങളെയും രാഷ്ട്രീയ നീക്കങ്ങളെയും തള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിന്റെ പൊതുമനസ്സ് എന്നും മതേതരത്വത്തിന് ഒപ്പമാണെന്നും ലീഗിനെ മാറ്റിനിർത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ചർച്ചകളെക്കുറിച്ച് തങ്ങൾ പറഞ്ഞത്:
• സീറ്റ് വിഭജനം: യു.ഡി.എഫിൽ ഔദ്യോഗികമായ സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസത്തിനകം ആരംഭിക്കും. നിലവിൽ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടക്കുന്നത്.
• വിജയസാധ്യത പ്രധാനം: യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സീറ്റ് വെച്ചുമാറുന്നതിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും വിജയസാധ്യതയ്ക്കായിരിക്കും മുൻഗണന. മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിർദ്ദേശങ്ങളിൽ പാർട്ടി ഉചിതമായ സമയത്ത് തീരുമാനമെടുക്കും.
• സാമുദായിക പ്രസ്താവനകൾ: എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില പ്രസ്താവനകളിൽ ആശങ്കയില്ല. ഇത്തരം നീക്കങ്ങൾ കൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല.
• മതേതര നിലപാട്: വോട്ടുകൾക്ക് വേണ്ടി മതേതര വിരുദ്ധ നിലപാട് ലീഗ് സ്വീകരിക്കില്ല. മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി പറയലല്ല, പാർട്ടിയുടെ നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
• വെൽഫെയർ പാർട്ടി ബന്ധം: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക നീക്കുപോക്കുകൾ ആ തിരഞ്ഞെടുപ്പോടെ അവസാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരം ബന്ധങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി ലീഗ് കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും വിഭജന രാഷ്ട്രീയത്തിലൂടെ ലീഗിനെ തളർത്താമെന്ന മോഹം നടക്കില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

