കുറ്റ്യാട്ടൂർ: കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹരിത വിജ്ഞാനം’ പ്രതിമാസ കാർഷിക പരിശീലന പരിപാടിക്ക് തുടക്കമായി. ചട്ടുകപ്പാറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല എം.വി. അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മാത്യു കൃഷി സമൃദ്ധി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആദ്യ ദിനത്തിൽ ‘മാങ്ങാ കയറ്റുമതി സാധ്യതകളും GAP സർട്ടിഫിക്കേഷനും’ എന്ന വിഷയത്തിൽ APEDA റീജിയണൽ ഹെഡ് ഡോ. സിമി ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു. കുറ്റ്യാട്ടൂർ മാവിന്റെ സംരക്ഷണം, രോഗ-കീട പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കെ.വി.കെ അസിസ്റ്റന്റ് ഡോ. മഞ്ജു കെ.പി സംസാരിച്ചു. ഹരിത വിജ്ഞാനം ആക്ഷൻ പ്ലാൻ കെ.വി.കെ മേധാവി ഡോ. മീരാ മഞ്ജുഷ അവതരിപ്പിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. നന്ദിനി, സൗമിനി ടീച്ചർ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ടി. രാജൻ, കോമള പി.വി., മാംഗോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ എന്നിവർ ആശംസകളർപ്പിച്ചു. ഫെബ്രുവരി അവസാന വാരത്തിൽ ‘കൂണിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ’ എന്ന വിഷയത്തിൽ നൈപുണ്യ വികസന പരിശീലനം നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

