കോഴിക്കോട്: ബസ് യാത്രയ്ക്കിടയിൽ തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിക്കുകയും, അത് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണമാവുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ പോലീസ് സംഘം സാഹസികമായാണ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. യുവാവിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ മാനസികമായി തകർന്ന ദീപക് ജീവനൊടുക്കുകയായിരുന്നു. എന്നാൽ, ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിംജിതയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. ദീപക്കിന്റെ മരണത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുകയാണ്.
കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

