അനീസ് കണ്ണാടിപറമ്പ് ✍️
നാറാത്ത്: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ച് നാറാത്തെ സരസ്വതി. നാറാത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കല്ലേൻ ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സുലോചനയുടെയും മകൾ സരസ്വതി എൻ. നിയമബിരുദം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു.
തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന സുലോചനയുടെ മകളുടെ ഈ വലിയ നേട്ടം നാറാത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആഘോഷമാക്കി മാറ്റി. മകളുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾക്കുള്ള ആദരം കൂടിയായി സഹപ്രവർത്തകരുടെ ഈ സ്നേഹവിരുന്ന്. ജോലിസ്ഥലത്ത് വെച്ച് കേക്ക് മുറിച്ചായിരുന്നു സഹപ്രവർത്തകരുടെ ആഹ്ലാദപ്രകടനം. മകളുടെ വിജയത്തിൽ അഭിമാനിക്കുന്ന അമ്മ സുലോചന തന്നെ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ്, മുൻ പഞ്ചായത്ത് അംഗം കെ.പി. നിഷ, തൊഴിലുറപ്പ് മേറ്റ് സജിന തുടങ്ങിയവരും സഹപ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പഠിച്ച് ഉയർന്ന നേട്ടം കൈവരിച്ച സരസ്വതി നാറാത്തെ യുവതലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

