കണ്ണൂർ:
മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തി ബിജെപിയുടെയും തീവ്രവാദ സംഘടനകളുടെയും വോട്ട് വാങ്ങിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അബദ്ധജഡിലവും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുന്നൂർത്ത് പറമ്പ് പഞ്ചായത്തിലെ വോട്ട് പാറ്റേൺ മാത്രം പരിശോധിച്ചാൽ പോലും സിപിഎം ബിജെപിയുമായി ഡീൽ നടത്തിയതിന്റെ വ്യക്തമായ തെളിവുകൾ ലഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. വാർഡ് 19-ൽ ബിജെപി വിജയിച്ചപ്പോൾ എൽഡിഎഫിന്റെ ആർജെഡി സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 49 വോട്ടുകൾ മാത്രമാണ്. എന്നാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇതിന് വിപരീതമായ കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കെ.പി. മോഹനൻ എംഎൽഎയുടെ വീട് ഉൾപ്പെടുന്ന വാർഡിൽ ബിജെപി വോട്ടുകൾ എൽഡിഎഫിലേക്ക് മാറിയതും, യുഡിഎഫിനെ പരാജയപ്പെടുത്താൻ സിപിഎം–ബിജെപി ധാരണ നടന്നതും വോട്ട് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു.
വളപട്ടണം, പാപ്പിനിശ്ശേരി, മുഴപ്പിലങ്ങാട്, ഇരിട്ടി നഗരസഭ തുടങ്ങിയിടങ്ങളിലെ എസ്ഡിപിഐ വിജയിച്ച വാർഡുകളിലെ വോട്ട് കണക്കുകൾ പരിശോധിച്ചാൽ, എൽഡിഎഫും തീവ്രവാദ സംഘടനകളും തമ്മിലുള്ള ഒത്തുകളി വ്യക്തമാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. മുഴപ്പിലങ്ങാട് പാച്ചാകര വാർഡിൽ എസ്ഡിപിഐ വിജയിച്ചപ്പോൾ എൽഡിഎഫിന് ലഭിച്ചത് വെറും 62 വോട്ടുകൾ മാത്രമായിരുന്നു.
കൊളച്ചേരിയിൽ സിപിഎം, ബിജെപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് മത്സരിച്ചുവെന്നും, മൊബൈൽ ഫോൺ ചിഹ്നത്തിലുള്ള സ്ഥാനാർത്ഥികൾക്ക് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തന്നെ പ്രചാരണ സാമഗ്രികൾ നൽകിയതായും നേതാക്കൾ ആരോപിച്ചു.
മുണ്ടേരി, നാറാത്ത്, കുന്നൂർത്ത് പറമ്പ് പഞ്ചായത്തുകളിലുണ്ടായ യുഡിഎഫ് വിജയങ്ങൾ മറച്ചുവെക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും, കണ്ണൂർ ജില്ലയിൽ വരുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.
മുസ്ലിം ലീഗ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സിപിഎം നിലപാട് രാഷ്ട്രീയപരമായ വെല്ലുവിളിയായി മാത്രമാണ് കാണുന്നതെന്നും, ആക്രമണവും ഭീഷണിയും ഉപയോഗിച്ച് പാർട്ടിയെ തളർത്താമെന്ന സ്വപ്നം നടക്കില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

