ഇരിക്കൂർ: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മലപ്പട്ടത്തെ പാർക്കുകൾ വിനോദസഞ്ചാരികൾക്കായി തുറന്നുനൽകുന്നു. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കൊവുന്തല ഉണക്കുകണ്ടം പാർക്കും മുനമ്പുകടവ് പാർക്കുമാണ് ഡിസംബർ 31-ന് ഉദ്ഘാടനം ചെയ്യുന്നത്.
3.37 കോടി രൂപ ചെലവിൽ ‘മുത്തപ്പൻ ആൻഡ് മലബാറി കുസിൻ ക്രൂസ്’ എന്ന പേരിലാണ് മലപ്പട്ടത്ത് പദ്ധതി വിഭാവനം ചെയ്തത്. 2019-ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു.
നിർമ്മാണത്തിലെ അപാകതകൾക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ടൂറിസം വകുപ്പ് പാർക്കുകൾ അടച്ചിട്ട് നവീകരണ പ്രവൃത്തികൾ നടത്തുകയായിരുന്നു. തുടർന്ന് നടന്ന റീ-ടെൻഡറിലൂടെയാണ് പദ്ധതി ഇപ്പോൾ പൂർത്തീകരിച്ചത്. ഉത്തരമലബാറിലെ എട്ട് പുഴകളെയും വലിയപറമ്പ് കായലിനെയും ബന്ധിപ്പിക്കുന്ന 325 കോടിയുടെ റിവർ ക്രൂസ് പദ്ധതിയിലെ സുപ്രധാന കേന്ദ്രങ്ങളാകും മലപ്പട്ടത്തെ ഈ പാർക്കുകൾ.
മലപ്പട്ടം കൊവുന്തല, മുനമ്പുകടവ് പാർക്കുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 29, 30, 31 തീയതികളിൽ ‘ഊരകം’ മലപ്പട്ടം ഫെസ്റ്റ് നടക്കും. വിനോദസഞ്ചാര വകുപ്പ്, തളിപ്പറമ്പ് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ, സൂൺ കാറ്ററിങ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രധാന പരിപാടികൾ:
• ഡിസംബർ 29: വൈകിട്ട് 6-ന് സിനിമാനടൻ ജഗദീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഷെഫ് നളൻ ഭക്ഷ്യമേളയും മുരുകൻ കാട്ടാക്കട കവിയരങ്ങും ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
• ഡിസംബർ 30: വൈകിട്ട് 6-ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ‘ഊരക സായാഹ്നം’ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും മറ്റ് നാടൻ കലാരൂപങ്ങളും അവതരിപ്പിക്കും.
• ഡിസംബർ 31: വൈകിട്ട് 6-ന് എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പാർക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് സംഗീതവിരുന്നും ഡി.ജെയും നടക്കും.
ജലഗതാഗതത്തിന് ഡ്രെജ്ജിങ്:
പുഴയിൽ ആഴം കുറവായതിനാൽ 26 മുതൽ ചെറിയ ഉല്ലാസ ബോട്ടുകൾ സർവ്വീസ് നടത്തും. പുഴയിലെ 5.85 കിലോമീറ്റർ ഭാഗത്ത് ആഴം വർദ്ധിപ്പിക്കാൻ സർക്കാർ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡ്രെജ്ജിങ് പൂർത്തിയാകുന്നതോടെ വലിയ ബോട്ടുകൾക്കും മലപ്പട്ടത്തേക്ക് എത്താൻ സാധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

