കണ്ണൂർ:
സൂപ്പർ ലീഗ് കേരള ഫൈനൽ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും സെമിഫൈനലിലെ ആദ്യ ഇലവനിൽ മാറ്റങ്ങളോടെയാണ് നിർണായക മത്സരത്തിനിറങ്ങിയത്.
കണ്ണൂർ വാരിയേഴ്സ് എഫ്സി 4-3-3 ഫോർമേഷനിലാണ് മത്സരിച്ചത്. സെമിഫൈനൽ ഉൾപ്പെടെ 11 മത്സരങ്ങളിൽ കണ്ണൂരിനായി കളിച്ച പ്രതിരോധ താരം വികാസ് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായി. അദ്ദേഹത്തിന് പകരം അശ്വിൻ കുമാറാണ് ആദ്യ ഇലവനിലെത്തിയത്.
തൃശൂർ മാജിക് എഫ്സിയിൽ രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. 4-4-2 ഫോർമേഷനിൽ അഞ്ച് പ്രതിരോധ താരങ്ങളെ ഇറക്കിയ തൃശൂർ, അലൻ ജോണിനെ ഡിഫൻസീവ് മിഡ്ഫീൽഡറായി കളത്തിലിറക്കി. മധ്യനിരയിലെ സൂപ്പർ താരങ്ങളായ ലെനി റോഡ്രിഗസിനും ഫ്രാൻസിസ് അഡോയ്ക്കും പകരം അലൻ ജോണും ഉമശങ്കറും ആദ്യ ഇലവനിൽ ഇടം നേടി.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ കണ്ണൂരിന്റെ പ്രതിരോധ താരം അശ്വിനെ ഫൗൾ ചെയ്ത തൃശൂർ താരം മാർക്കസ് ജോസഫിന് മഞ്ഞ കാർഡ് ലഭിച്ചു. 15-ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് മുഹമ്മദ് സിനാൻ നൽകിയ ക്രോസ് സെക്കന്റ് പോസ്റ്റിൽ നിന്നിരുന്ന അസിയർ ഗോമസ് ഹെഡ് ചെയ്തെങ്കിലും, തൃശൂർ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകൊണ്ട് തടഞ്ഞു.
ആദ്യത്തിൽ റഫറി പെനാൽറ്റി അനുവദിച്ചില്ല. എന്നാൽ കണ്ണൂർ താരങ്ങളുടെ ശക്തമായ അപ്പീലിനെ തുടർന്ന് ഫോർത്ത് റഫറിയുടെ അഭിപ്രായം പരിഗണിച്ച് 16-ാം മിനിറ്റിൽ പെനാൽറ്റി അനുവദിച്ചു. 18-ാം മിനിറ്റിൽ അസിയർ ഗോമസ് എടുത്ത പെനാൽറ്റി ഗോളായി മാറി.
25-ാം മിനിറ്റിൽ കണ്ണൂരിന് വീണ്ടും മികച്ച അവസരം ലഭിച്ചു. കീൻ ലീയിസ് എടുത്ത ലോങ് ത്രോ സ്വീകരിച്ച ഷിജിൻ ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഷോട്ട് അടിച്ചെങ്കിലും തൃശൂരിന്റെ ഗോൾകീപ്പർ കമാലുദ്ദീൻ മനോഹരമായി രക്ഷപ്പെടുത്തി.
29-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിംഗ് തടയുന്നതിനിടെ ഫൗൾ ചെയ്തതിനാൽ കണ്ണൂരിന്റെ ഒരു പ്രതിരോധ താരത്തിന് മഞ്ഞ കാർഡ് ലഭിച്ചു.
33-ാം മിനിറ്റിൽ തൃശൂരിന് സുവർണാവസരം ലഭിച്ചു. ഫയാസ് എടുത്ത ഫ്രീകിക്ക് സെക്കന്റ് പോസ്റ്റിലേക്ക് ഉയർത്തി നൽകിയപ്പോൾ ബിബിൻ അജയൻ ഹെഡ് ചെയ്ത് തേജസിന് നൽകി. ഗോൾകീപ്പർ മാത്രമുണ്ടായിരുന്ന സാഹചര്യത്തിൽ തേജസ് പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു.
ആദ്യ പകുതിയുടെ അധിക സമയത്ത് തൃശൂരിന്റെ കെവിന് തുറന്ന അവസരം ലഭിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് കൃത്യമായി തടഞ്ഞു. തുടർന്ന് കണ്ണൂർ നടത്തിയ കൗണ്ടർ അറ്റാക്കിൽ ഷിജിൻ ടി നടത്തിയ സോളോ മുന്നേറ്റം ഗോളാകാനിരിക്കെ, തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ ടൂർണമെന്റിലെ തന്നെ മികച്ച സേവ് കാഴ്ചവെച്ച് പന്ത് തട്ടി അകറ്റി.
ഇതിനിടെയാണ് കണ്ണൂരിന് തിരിച്ചടി ഉണ്ടായത്. കെവിൻ നടത്തിയ അറ്റാക്ക് തടയുന്നതിനിടെ ഫൗൾ ചെയ്തതിന് പ്രതിരോധ താരം സച്ചിൻ സുനിലിന് റെഡ് കാർഡ് ലഭിച്ചു. ഇതോടെ കണ്ണൂർ വാരിയേഴ്സ് പത്ത് പേരായി ചുരുങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

