നാറാത്ത് പഞ്ചായത്തിൽ ഇനി യു.ഡി.എഫ് യുഗം; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21-ന്

Kannadiparamba online news
Screenshot

അനീസ് കണ്ണാടിപറമ്പ ✍️

നാറാത്ത്: നീണ്ട പതിനഞ്ച് വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് നാറാത്ത് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതി അധികാരമേൽക്കുന്നതിന്റെ ആദ്യ ഘട്ട നടപടികൾക്ക് തുടക്കമാകുന്നു. ഡിസംബർ 21-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് പരിസരത്ത് വെച്ചാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 18 വാർഡ് മെമ്പർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. മുതിർന്ന അംഗമാണ്‌ ആദ്യം അധികാരമേൽക്കുക. പിന്നാലെ മറ്റ് അംഗങ്ങൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന്‌ മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ യോഗം ചേരും. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ഡിസംബർ 27-നാണ് നടക്കുക.

ആവേശം വിതറി വിജയാഹ്ലാദ പ്രകടനം

ഭരണമാറ്റം ആഘോഷമാക്കാൻ യു.ഡി.എഫ് പ്രവർത്തകർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 21-ന് രാവിലെ വിജയിച്ച സ്ഥാനാർത്ഥികളെയും വഹിച്ചുകൊണ്ട് പ്രവർത്തകർ വൻ വിജയാഹ്ലാദ പ്രകടനം നടത്തും. ദേശ സേവാ യു.പി. സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെ ആവേശത്തിന്റെയും അകമ്പടിയോടെ നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക് എത്തിച്ചേരും.

ഭരണത്തിലേറാൻ ‘റഹ്മത്ത് – സുധീഷ്’ ടീം

നാറാത്ത് പഞ്ചായത്തിൽ വികസന നായകരായി കെ. റഹ്മത്തും പി. സുധീഷും ഭരണസാരഥ്യം ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളായ രണ്ട് പേർ പഞ്ചായത്തിന്റെ തലപ്പത്തേക്ക് എത്തുന്നു എന്നത് നാറാത്തിന്റെ ഭാവി വികസനത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

• കെ. റഹ്മത്ത് (പ്രസിഡന്റ് സ്ഥാനാർത്ഥി): 14-ാം വാർഡ് പാറപ്പുറത്ത് നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഇവർ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ മുൻ അധ്യാപികയാണ്. 2005 മുതൽ പഞ്ചായത്ത് ഭരണരംഗത്ത് സജീവമായ റഹ്മത്തിന്റെ അനുഭവസമ്പത്ത് ഭരണത്തിന് കരുത്താകും.

• പി. സുധീഷ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി): നാലാം വാർഡ് കോട്ടാഞ്ചേരിയെ പ്രതിനിധീകരിക്കുന്ന സുധീഷ് കോൺഗ്രസിന്റെ യുവമുഖമാണ്. ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം സഹകരണ മേഖലയിലെ മാനേജർ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം ഭരണത്തിൽ കാര്യക്ഷമത കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജനവിധി നേടിയ പ്രതിനിധികൾ

പഞ്ചായത്തിലെ 18 വാർഡുകളെ പ്രതിനിധീകരിച്ച് താഴെ പറയുന്നവർ 21-ന് സത്യപ്രതിജ്ഞ ചെയ്യും:

യു.ഡി.എഫ് അംഗങ്ങൾ: കെ. റഹ്മത്ത് (പാറപ്പുറം), പി. സുധീഷ് (കോട്ടാഞ്ചേരി), ആഷിത്ത് അശോകൻ ടി. (ഓണപ്പറമ്പ്), മുഹമ്മദ് എം.പി. (മാലോട്ട്), സാബിറ കെ.കെ.സി. (പള്ളേരി), പാളത്ത് ഉഷ (മാലോട്ട് സൗത്ത്), നൗഫൽ പുല്ലൂപ്പി (പുല്ലൂപ്പി ഈസ്റ്റ്), നസ്രിയ (പുല്ലൂപ്പി വെസ്റ്റ്), ഹസീന എം.ടി. (നിടുവാട്ട്), അഷ്റഫ് പി.പി. (കമ്പിൽ), സാജന (കമ്പിൽ സൗത്ത്).

എൽ.ഡി.എഫ് അംഗങ്ങൾ: ടി. ലീല (കമ്പിൽ തേരു), മിനി ദിനേശൻ (ചോയിച്ചേരി), പുരുഷോത്തമൻ എ. (കണ്ണാടിപ്പറമ്പ് ടൗൺ), സുജേഷ് ആർ. (മാതോടം), കണ്ടപ്പൻ രാജീവൻ (വയപ്പുറം), ഉഷ പട്ടൻ (കണ്ണാടിപ്പറമ്പ് വെസ്റ്റ്), നയന എ. (നാറാത്ത്).

വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും നാറാത്തിന് പുതിയ മാതൃകകൾ സൃഷ്ടിക്കാനാണ് പുതിയ ഭരണസമിതി ലക്ഷ്യമിടുന്നത്. 21-ന് നടക്കുന്ന മെമ്പർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ വോട്ടർമാരെയും പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!