മൂന്ന് മാസത്തിനിടെ രണ്ടാം തവണ; 20 ദിവസത്തെ പരോൾ, ജനുവരി 10-ന് ജയിലിൽ മടങ്ങണം
കണ്ണൂർ:
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോൾ. ജനുവരി 10-ന് രജീഷ് തിരികെ ജയിലിലെത്തണമെന്നാണ് വ്യവസ്ഥ. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ രജീഷ് ജയിലിൽ എറണാകുളം ജില്ലയിലെ വിലാസമാണ് നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയും പരോളിലുണ്ട്.
ടി.പി. വധക്കേസിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് രജീഷിന് പരോൾ അനുവദിച്ചിരുന്നു. തുടർന്ന് ജയിലിൽ തിരിച്ചെത്തിയ ശേഷം ഒന്നര മാസത്തോളം കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കി ഈ മാസം ഏഴിനാണ് രജീഷ് വീണ്ടും ജയിലിലെത്തിയത്.
കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചതും വലിയ ചർച്ചയായിരുന്നു. 2024 ഡിസംബർ മുതൽ ജൂലൈ വരെ മൂന്ന് തവണയാണ് കൊടി സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്.
പ്രത്യേക ശിക്ഷാ ഇളവ് വിവാദം
‘ആസാദി കാ അമൃത് മഹോത്സവം’ പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് നൽകേണ്ട പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെയും ഉൾപ്പെടുത്തിയതും നേരത്തെ വ്യാപകമായ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
തുടർച്ചയായി പരോളുകൾ അനുവദിക്കുന്നതും അതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും വീണ്ടും രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

