തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ച പ്രദേശങ്ങളിൽ നടന്ന ചില വിജയാഘോഷങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം വിമർശനവുമായി രംഗത്തെത്തി. വിജയം ആഘോഷിക്കേണ്ടത് തന്നെയാണെങ്കിലും, ആഘോഷങ്ങൾ അതിരു കടക്കാതിരിക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പൊതു നിരത്തിൽ നടക്കുന്ന ആഘോഷങ്ങൾ സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്താകണം എന്നും, വിമൺസ് കോളേജ് തെരഞ്ഞെടുപ്പിലെ വിജയം വിദ്യാർത്ഥിനികൾ തമ്മിൽ ഡാൻസ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്നതിനെ പൊതുവഴിയിലെ ആൺ–പെൺ ഇടപെടലുകളോട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഷാഫി ചാലിയം വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ജെൻഡറുകൾ തമ്മിലുള്ള അത്തരത്തിലുള്ള ഇടപെടലുകൾ സാമൂഹിക അപചയത്തിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ വിലയിരുത്താൻ കഴിയില്ലെന്നും, മറ്റു പാർട്ടി വേദികളിൽ മുസ്ലിം ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നൃത്തം ചവിട്ടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താലും പലപ്പോഴും വിമർശനങ്ങൾ ഉയരാറില്ലെന്നും, എന്നാൽ ലീഗ് വേദിയിലുണ്ടാകുമ്പോൾ അതിന്റെ സ്വഭാവം മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗ് വേദികളിൽ ആധുനിക പാശ്ചാത്യ ഡിജെ ഡാൻസുകളും അട്ടഹാസപരമായ ഗാനങ്ങളും ആൺ–പെൺ കൂട്ടായ്മയോടെ അവതരിപ്പിക്കുന്നതിൽ ദുഃഖിക്കുന്ന ഒരു രക്ഷിതൃ സമൂഹവും ആദരണീയരായ പണ്ഡിതരുമുണ്ടെന്നും, അവരുടെ വികാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും ഷാഫി ചാലിയം പറഞ്ഞു. അവരോടുള്ള ബഹുമാനവും അദബും മറന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫി ചാലിയത്തിന്റെ പ്രതികരണം. “ആഘോഷം അതിരു കടക്കാതിരിക്കണം” എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

